ഇന്ത്യ അണ്ടർ-17 ഫുട്ബോൾ ടീം മുഖ്യ പരിശീലകനായി മെഹ്‌റാജുദ്ദീൻ വാഡു നിയമിതനായി

ഇന്ത്യൻ അണ്ടർ-17 പുരുഷ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി മുൻ താരം മെഹ്‌രാജുദ്ദീൻ വാഡുവിനെ നിയമിച്ചു. എഎഫ്സി അണ്ടർ-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ മുന്നിൽക്കണ്ട് ഗോവയിലെ മർഗോവയിൽ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
നവംബർ 11 മുതൽ 20 വരെ കൗലാലംപൂരിലാണ് എഎഫ്സി യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. എഎഫ്സി പ്രോ ലൈസൻസുള്ള നാൽപ്പത്തിരണ്ടുകാരനായ വാഡു, മികച്ച കളിക്കാരൻ എന്നതിലുപരി മികച്ച പരിശീലക അനുഭവസമ്പത്തുള്ളയാളാണ്. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്, റിയൽ കാശ്മീർ എഫ്സി, സുദേവ ഡൽഹി എഫ്സി തുടങ്ങിയ ക്ലബ്ബുകളെ അദ്ദേഹം ഇതിനുമുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.
കളിക്കളത്തിൽ ഇന്ത്യയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമായിരുന്ന വാഡു, 2008-ലെ എഎഫ്സി ചാലഞ്ച് കപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011-ലെ എഎഫ്സി ഏഷ്യൻ കപ്പിലും കളിച്ചിട്ടുണ്ട്. കൂടാതെ സാഫ് ചാമ്പ്യൻഷിപ്പും രണ്ട് നെഹ്റു കപ്പുകളും സ്വന്തമാക്കിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.
നവംബറിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്കായുള്ള ‘ഇ ഗ്രൂപ്പിലാണ്’ ഇന്ത്യ ഇടംനേടിയിരിക്കുന്നത്. ആതിഥേയരായ മലേഷ്യ, ഫലസ്തീൻ, സിംഗപ്പൂർ, ഗ്വാം എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിനൊപ്പം മത്സര സജ്ജമായ ഒരു മികച്ച ടീമിനെ വാർത്തെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിയമനത്തിന് ശേഷം വാഡു വ്യക്തമാക്കി. ഗോവയിൽ നടക്കുന്ന ട്രയൽസിലൂടെ മികച്ച താരങ്ങളെ കണ്ടെത്തുകയായിരിക്കും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം.