റിലയൻസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രീമിയർ ലീഗുമായി ചേർന്ന് സംഘടിപ്പിക്കുന്ന നെക്സ്റ്റ് ജെനറേഷൻ കപ്പിൽ മികച്ച തുടക്കം കുറിച്ച് എടികെ മോഹൻ ബഗാൻ. റിലയൻസ് കോർപറേറ്റ് പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ വെസ്റ്റ്ഹാം അണ്ടർ 19 ടീമിനെ മോഹൻ ബഗാൻ അണ്ടർ 21 ടീം സമനിലയിൽ തളച്ചു. ബഗാൻ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. സുഹൈൽ ഇന്ത്യൻ ക്ലബ്ബിന് വേണ്ടി വല കുലുക്കി. വെസ്റ്റ്ഹാമിന് ലഭിച്ച പെനാൽറ്റി തടുത്ത് കീപ്പർ ആർഷ്ദപും ഹീറോ ആയി.
പത്താം മിനിറ്റിൽ തന്നെ മോഹൻ ബഗാൻ മത്സരത്തിൽ ലീഡ് എടുത്തു സ്വന്തം പകുതിയിൽ നിന്നും ഉയർന്നു വന്ന പന്ത് ഓഫ്‌സൈഡ് കെണിയിൽ പെടാത്ത ഓടിയെടുത്ത സുഹൈൽ അതിവേഗം ബോക്സിലേക്ക് കുതിച്ച് ഗോളിയെ മറികടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ റാണക്ക് ലഭിച്ച അവസരം ഗോളിൽ കലാശിച്ചില്ല. പിന്നീട് തുടർച്ചയായി സമ്മർദ്ദം ചെലുത്തിയ വെസ്റ്റ്ഹാം പകരക്കാരനായി എത്തിയ ഓവൻമിയിലൂടെ സമനില നേടി. ഇടത് വിങ്ങിലൂടെ എത്തിയ നീക്കം പോസ്റ്റിന് മുന്നിലെക്കുള്ള പാസായി എത്തിയപ്പോൾ താരം കൃത്യമായി ഇടപെടുകയായിരുന്നു. അറുപത്തി നാലാം മിനിറ്റിൽ ആണ് ഗോൾ പിറന്നത് അവസാന നിമിഷങ്ങളിലും ഗോളിനായി വെസ്റ്റ്ഹാം സമ്മർദ്ദം ചെലുത്തിയെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ മോഹൻബഗാനായി.