ഫുട്ബോൾ മത്സരങ്ങൾക്ക് വാത്വെപ്പ് വെച്ചതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സ്കോൾസിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടപടിക്ക് ഒരുങ്ങുന്നു. ഫുട്ബോൾ അസോസിയേഷന്റെ ബെറ്റിംഗ് നിയമങ്ങൾ തെറ്റിച്ചതിനാണ് സ്കോൾസ് നിയമനടപടി നേരിടേണ്ടി വരുക. 2015 ഓഗസ്റ്റ് 17നും 2019 ജനുവരി 12നും ഇടക്ക് സ്കോൾസ് നടത്തിയ 140 ബെറ്റുകളാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കണ്ടെത്തിയത്.
നിയമനടപടികളുടെ ആദ്യ പടിയെന്നോണം താരത്തിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 26വരെ അതിനെതിരെ പ്രതികരിക്കാനുള്ള അവസരവും താരത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഗ്ലീഷ് ലീഗ് 2 ടീമായ ഓൾഡ്ഹാം യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് പോൾ സ്കോൾസ് എത്തിയെങ്കിലും 31 ദിവസങ്ങൾക്ക് ശേഷം താരം പരിശീലകന്റെ വേഷം ഒഴിയുകയായിരുന്നു.
ഇംഗ്ലീഷ് നാഷണൽ ലീഗ് ടീമായ സാൽഫോർഡ് സിറ്റിയുടെ ഉടമകളിൽ ഒരാൾ കൂടിയാണ് പോൾ സ്കോൾസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ലാസ് ഓഫ് 92 താരങ്ങളായ നിക്കി ബട്ട്, റയാൻ ഗിഗ്സ്, ഗാരി നെവിൽ, ഫിൽ നെവിൽ, ഡേവിഡ് ബെക്കാം എന്നിവരുടെ സംയുക്ത ഉടമസ്ഥതയിൽ ഉള്ള ക്ലബ്ബാണ് സാൽഫോർഡ് സിറ്റി.