മലപ്പുറം: പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് ജില്ലാ എക്സൈസ് ഡിപ്പാർട്ട്മെന്റ് ലഹരി നിർമാർജ്ജന പദ്ധതിയായ വിമുക്തി – 2018 ന്റെ ഭാഗമായി സംഘടിപ്പിച്ച കൊണ്ടോട്ടി – ഏറനാട് താലൂക്ക് തല ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് (4 – 2) വാഴയൂർ പഞ്ചായത്തിനെ പരാജയപ്പെടുത്തി അരിമ്പ്ര മിഷൻ സോക്കർ അക്കാദമി താരങ്ങളെ കളത്തിലിറക്കിയ മൊറയൂർ പഞ്ചായത്ത് ചാമ്പ്യൻമാരായി.
രാവിലെ എട്ട് മണിയ്ക്ക് നടന്ന ഉദ്ഘാടന മത്സരത്തിൽ മൊറയൂർ പഞ്ചായത്ത് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് (2 – 0) ആനക്കയം പഞ്ചായത്തിനെയും, രണ്ടാം മത്സരത്തിൽ വാഴയൂർ പഞ്ചായത്ത് ഏക പക്ഷീയമായ ഒരു ഗോളിന് (1-0) മുതുവല്ലൂരിനെയും തോൽപ്പിച്ചായിരുന്നു കലാശക്കളിയ്ക്ക് യോഗ്യത നേടിയത്. ജേതാക്കൾ അടുത്ത വാരം നടയ്ക്കുന്ന ജില്ലാ തല ടൂർണ്ണമെന്റിന് യോഗ്യത നേടി.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചർ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അയിഷ ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ജില്ലാ ‘വിമുക്തി’ കോ.ഓർഡിനേറ്റർ ഹരികുമാർ സമ്മാന ദാനം നിർവ്വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.