ഇന്നലെ കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ കണ്ടത് ഒരു ക്ലാസിൽ മാഡ്രിഡ് ഡർബി ആയിരുന്നു. ബെർണബവു സ്റ്റേഡിയത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് തുടക്കത്തിൽ പിറകിൽ പോവുകയും പിന്നെ തിരിച്ചടിക്കുകയും ചെയ്ത് റയൽ മാഡ്രിഡ് ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നത് കാണാൻ ആയി.
റയൽ മാഡ്രിഡ് വളരെ സുഖകരമായാണ് ഇന്നലെ കളി തുടങ്ങിയത്. പന്ത് കൈവശം വെച്ച് അനായാസം കളിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ ആഞ്ചലോട്ടിയുടെ ടീം പരാജയപ്പെട്ടു. മത്സരത്തിന്റെ 19ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ അൽവാരോ മൊറാട്ടയുടെ ടാപിന്നിലൂടെ സന്ദർശകർക്ക് ലീഡ് നേടാനായി. ആദ്യ പകുതി 1-0 എന്ന് തുടർന്നു.
രണ്ടാം പകുതിയിൽ റയലിൽ നിന്ന് കൂടുതൽ നല്ല നീക്കങ്ങൾ കാണാൻ ആയി. വിനീഷ്യസിനും കരിം ബെൻസെമയ്ക്കും നല്ല അവസരങ്ങൾ ലഭിച്ചു. മറുവശത്ത് ഗ്രീസ്മാന്റെ ഒരു ഷോട്ട് ഫുൾ ഡൈവിലൂടെ ആണ് ബെൽജിയൻ ഗോൾകീപ്പർ തട്ടി ബാറിന് മുകളിലൂടെ പുറത്തേക്ക് ആക്കിയത്. ആക്‌സൽ വിറ്റ്‌സലിന്റെ ഒരു ബൈസിക്കിൾ കിക്കും അത്ലറ്റികോയുടെ രണ്ടാം ഗോളിന് അടുത്ത് എത്തി.
79ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് സമനില ഗോൾ കണ്ടെത്തി. റോഡ്രിഗോ തന്റെ റയൽ മാഡ്രിഡ് കരിയറിൽ നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. പന്ത് സ്വനീകരിച്ച് എത്ര അത്ലറ്റിക്കോ ഡിഫൻഡറെ കബളിപ്പിച്ചു എന്ന് റോഡ്രിഗോയ്ക്ക് പോലും തിട്ടം കാണില്ല. ആ ചടുല നീക്കത്തിന് ഒടുവിൽ പന്ത് വലയിലേക്ക് എത്തിച്ച് റോഡ്രിഗോ റയലിനെ ഒപ്പം എത്തിച്ചു. കളി എക്സ്ട്രാ ടൈമിലേക്കും നീങ്ങി.
എല്ലായ്‌പ്പോഴും റയലിന്റെ രക്ഷനായി എത്തുന്ന ബെൻസെമ ഒരു തകർപ്പൻ സ്ട്രൈക്കിലൂടെ 104ആം മിനുട്ടിൽ സ്കോർ 2-1 എന്ന് ആക്കി. വിനിഷ്യസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇതിനു ശേഷം ലിന്നെ വിനീഷ്യസിന്റെ ഗോളായിരുന്നു. മൈതാന മധ്യത്തിൽ നിന്ന് സ്പ്രിന്റ് ചെയ്ത് വന്ന് അത്‌ലറ്റിക്കോ ഡിഫൻഡേഴ്സിനെ കാഴ്ചക്കാരാക്കി കൊണ്ട് വിനീഷ്യസും ഗോൾ കണ്ടെത്തി. സ്കോർ 3-1. റയൽ സെമി ഫൈനലിൽ.