വമ്പൻ തിരിച്ച് വരവിൽ പിഎസ്ജിയെ അട്ടിമറിച്ച് മൊണാക്കോ

Img 20201121 091025
- Advertisement -

ഫ്രെഞ്ച് ലീഗിൽ വമ്പൻ തിരിച്ച് വരവിൽ പിഎസ്ജിയെ അട്ടിമറിച്ച് മൊണാക്കോ. തുടർച്ചയായ ഒൻപതാം ജയവുമായി കുതിക്കാനിരുന്ന പിഎസ്ജിയെ ആണ് മൊണാക്കോ പിടിച്ച് കെട്ടിയത്. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന്റെ ലീഡാണ് പിഎസ്ജി തുലച്ചത്. കെവിൻ വോളാണ്ടിന്റെ ഇരട്ട ഗോളുകളും ഫാബ്രിഗസിന്റെ ഗോളും മോണാക്കോയ്ക്ക് ജയം സമ്മാനിച്ചു. 3-2ന്റെ ജയമാണ് ലൂയിസ് 2 സ്റ്റേഡിയത്തിൽ മൊണാക്കോ നേടിയത്.

ആദ്യ പകുതിയിൽ എംബപ്പെയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ പിഎസ്ജി ജയമുറപ്പിച്ചതായിരുന്നു എന്നാൽ മൊണാക്കോ രണ്ടാം പകുതിയിൽ പുനരവതരിച്ചു‌. 52ആം മിനുട്ടിൽ കെവിൻ വോളണ്ടിലൂടെ മൊണാക്കോ ആദ്യ ഗോളും 65ആം മിനുട്ടിൽ രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ ഫാബ്രിഗാസായിരുന്നു ഗോളിന് വഴിയൊരുക്കിയത്. വൊളാണ്ടിനെ ഡിയലോ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഫാബ്രിഗാസ് ലക്ഷ്യത്തിൽ എത്തിച്ചു. ഡിയാലോ ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു. നികോ കോവാചിന്റെ മൊണാക്കോയെ തളയ്ക്കാനുള്ള തന്ത്രങ്ങൾ തോമസ് ടൂഹലിനും പിഎസ്ജിക്കും പുറത്തെടുക്കാനായില്ല. 33കാരനായ ഫാബ്രിഗസായിരുന്നു മൊണാക്കൊയുടെ തുറുപ്പ് ചീട്ട്.

Advertisement