ലീഗ് വണ്ണിലെ ആവേശോജ്വലമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി നിംസ് ഒളിമ്പിക്കിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി സൂപ്പർ താരം നെയ്മാർ, ഡി മരിയ, എംബാപ്പെ, കവാനി എന്നിവർ ഗോളടിച്ചു. അന്റോണിന് ബോവിച്ചൻ, സവനീർ എന്നിവർ നിംസ് ഒളിമ്പിക്കിനു വേണ്ടി ഗോളടിച്ചു. മത്സരമവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ലോക കപ്പ് ജേതാവ് കൈലിയൻ എംബാപ്പെ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയി.
നാലിൽ നാല് ജയവുമായി വിജയക്കുതിപ്പ് തുടരുകയാണ് പിഎസ്ജി. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് തോമസ് ടൂഹലിന്റെ പിഎസ്ജി നേടിയിരുന്നു. അർജന്റീനിയൻ താരം ഡി മരിയയുടെ വണ്ടർ ഗോളും ഇതിൽ ഉൾപ്പെടും. പിഎസ്ജി ആരാധകരെ ആവേശത്തിലാക്കി ഡി മരിയ എടുത്ത കോര്‍ണര്‍ വളഞ്ഞ് നിംസിന്റെ വലയിലേക്ക്. എന്നാൽ തോറ്റ് കൊടുക്കാൻ നിംസ് ഒളിംപിക്ക് തയ്യാറായില്ല. നെയ്മറും ഡി മരിയയും നേടിയ ഗോളിന് പകരമായി പകരക്കാരൻ അന്റോണിന് ബോവിച്ചൻ ആദ്യ ഗോൾ നേടി. ഏറെ വൈകാതെ പെനാൽറ്റിയിൽ സവനീർ സമനില നേടി.
എന്നാൽ ലോകകപ്പ് ജേതാവ് കൈലിയൻ എംബാപ്പെയിലൂടെ പിഎസ്ജി ലീഡുനേടി. പതിയെ കളിയിൽ ആധിപത്യം നേടിയ പിഎസ്ജി പിന്നീട് ഉണർന്നു കളിച്ചു. മത്സരമവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ കവാനിയിലൂടെ അട്ടിമറി സാദ്ധ്യതകൾ ഒഴിവാക്കി പിഎസ്ജി വിജയമുറപ്പിച്ചു. സവനീറിന്റെ ഹെവി ടാക്കിൾ ചുവപ്പ് കാർഡ് വിളിച്ച് വരുത്തി. ടാക്കിളിനെതിരെ പ്രതികരിച്ച എംബാപ്പെക്കും ചുവപ്പ് കാർഡ് ലഭിച്ചു. സെന്റ് ഏറ്റെയിനിനോടാണ് ലീഗ് വണ്ണിലെ പിഎസ്ജിയുടെ അടുത്ത മത്സരം.