നെയ്മറിനേറ്റ പരിക്ക് സാരമുള്ളതല്ല. താരം പുറത്തിരിക്കേണ്ടി വരില്ല എന്നും അടുത്ത പി എസ് ജിയുടെ മത്സരത്തിൽ തന്നെ നെയ്മർ തിരിച്ചെത്തുമെന്നും ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ ബ്രസീലിനായി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. നൈജീരിയയെ നേരിടാൻ ഇറങ്ങിയ നെയ്മർ ആകെ 12 മിനുട്ട് മാത്രമെ കളിച്ചുള്ളൂ. കാൽ മസിലിന് വേദനയനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്ബായി കളം വിടുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ പ്രധാന മത്സരങ്ങൾ മുന്നിൽ ഉള്ളതിനാൽ കരുതൽ നടപടിയായാണ് നെയ്മർ ഇന്നലെ കളത്തിൽ നിന്ന് പിന്മാറിയത്. കഴിഞ്ഞ സീസൺ അവസാനത്തിൽ പരിക്കേറ്റ നെയ്മറിന് കോപ അമേരിക്ക അടക്കമുള്ള വലിയ മത്സരങ്ങൾ നഷ്ടമായിരുന്നു. ഈ സീസൺ തുടക്കത്തിലും നെയ്മറിന് കളിക്കാൻ ആയിരുന്നില്ല. കളത്തിൽ തിരിച്ചെത്തി തന്റെ പതിവ് ഫോമിലേക്ക് മടങ്ങുന്നതിനിടയിൽ വീണ്ടും പരിക്കേറ്റിരിക്കുന്നത് നെയ്മറിന്റെ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ആ ആശങ്കയ്ക്കാണ് ഇതോടെ അവസാനമായത്.













