പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്സലോണയിൽ മെസ്സിയും താനും തമ്മിലുണ്ടായിരുന്ന അതെ ബന്ധമാണ് ഇപ്പോൾ താനും എംബപ്പേയും തമ്മിലുള്ളതെന്നും നെയ്മർ വ്യക്തമാക്കി.
“തങ്ങൾ പരസ്പരം സഹോദരങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും പരസ്പരം അസൂയ വെച്ച് പുലർത്തുന്നുമില്ല. ഞാൻ ഇപ്പോഴും ഗോൾഡൻ ബോയ് എന്നാണ് എംബപ്പേയെ വിളിക്കുന്നത്. ഒരു നാൾ ലോകം കണ്ട മികച്ച ഫുട്ബോൾ താരമായി എംബപ്പേ മാറും. തനിക്ക് പറ്റുന്ന രീതിയിൽ താൻ എപ്പോഴും എംബപ്പേയെ സഹായിക്കാറുണ്ട്” നെയ്മാർ പറഞ്ഞു.
മൊണാകോയിൽ നിന്ന് 2017ൽ പി.എസ്.ജിയിലെത്തിയ എംബപ്പേ ഈ കാലയളവിൽ രണ്ടു ലീഗ് 1 കിരീടങ്ങൾ നേരത്തെ നേടിയിരുന്നു.ഇതിനു പുറമെ ഫ്രാൻസിന്റെ കൂടെ റഷ്യയിൽ നടന്ന ലോകകപ്പ് കിരീടവും താരം നേടിയിരുന്നു. ഈ സീസണിൽ 24 ഗോളുകളും 6 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് എംബപ്പേ. കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി 50 ഗോൾ എന്ന നേട്ടം എംബപ്പേ തികച്ചിരുന്നു.