അവസാന നിമിഷം സമനിലയും ആയി രക്ഷപ്പെട്ടു പി.എസ്.ജി, ലീഗിൽ തുടർച്ചയായ രണ്ടാം സമനില

ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പാരീസിന് സമനില. ലെൻസ് ആണ് പി.എസ്.ജിയെ 1-1 എന്ന സ്കോറിന് തളച്ചത്. പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി ആധിപത്യം കണ്ടു എങ്കിലും നിരവധി അവസരങ്ങൾ ആണ് ലീഗിൽ അഞ്ചാമതുള്ള ലെൻസ് മത്സരത്തിൽ സൃഷ്ടിച്ചത്. മെസ്സി, ഇക്കാർഡി, ഡി മരിയ എന്നീ 3 അർജന്റീന താരങ്ങളെയും ആണ് പോച്ചറ്റീന്യോ ഇന്ന് മുന്നേറ്റ ചുമതല ഏൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ വന്നത്.
62 മത്തെ മിനിറ്റിൽ ഡികോറയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ സെകോ ഫൊഫാനയാണ് മത്സരത്തിൽ ലെൻസിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആണ് പി.എസ്.ജി നടത്തിയത്. ഒടുവിൽ 93 മത്തെ മിനിറ്റിൽ ഇക്കാർഡിക്ക് പകരക്കാരൻ ആയി ഇറങ്ങിയ എമ്പപ്പെയുടെ ക്രോസിൽ നിന്നു ജിനി വൈനാൾഡം ഹെഡറിലൂടെ പാരീസിന് സമനില സമ്മാനിക്കുക ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ലീഗിൽ ഇപ്പോഴും 12 പോയിന്റുകൾ മുകളിൽ പി.എസ്.ജി തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.