സോസിദാഡിനെയും വീഴ്ത്തി റയൽ മാഡ്രിഡ്, ആശങ്കയായി ബെൻസെമക്ക് പരിക്ക്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ സീസണിൽ മികച്ച പ്രകടനം നടത്തുന്ന റയൽ സോസിദാഡിനെയും വീഴ്ത്തി റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു റയൽ ജയം. പന്ത് സമാസമം ആണ് ഇരു ടീമുകളും കൈവശം വച്ചത് എങ്കിലും മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിച്ചത് റയൽ മാത്രം ആണെന്ന് പറയാം. ഒരു ഷോട്ട് പോലും ടാർഗറ്റിൽ അടിക്കാൻ സോസിദാഡിനു ആയില്ല. 17 മത്തെ മിനിറ്റിൽ കരീം ബെൻസെമ പരിക്ക് മൂലം കളം വിട്ടത് റയലിന് ആശങ്കയായി. ഗോൾ ശ്രമങ്ങൾ ഉണ്ടായി എങ്കിലും ഗോൾ രഹിതമായി ആണ് ആദ്യ പകുതി അവസാനിച്ചത്.

എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടനെ റയൽ ആദ്യ ഗോൾ നേടി. ബെൻസെമക്ക് പകരക്കാരൻ ആയി ഇറങ്ങിയ ലൂക ജോവിച്ചിന്റെ പാസിൽ നിന്നു വിനീഷ്യസ് ജൂനിയർ ആണ് 47 മത്തെ മിനിറ്റിൽ റയലിന് ആദ്യ ഗോൾ സമ്മാനിച്ചത്. സീസണിൽ ലീഗിലെ പത്താം ഗോൾ ആയിരുന്നു ബ്രസീൽ താരത്തിന് ഇത്. തുടർന്ന് 10 മിനിറ്റിനു ശേഷം കാസ്മിരോയുടെ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ജോവിച്ച് റയൽ ജയം ഉറപ്പിച്ചു. 2020 ഫ്രെബ്രുവരിക്ക് ശേഷം താരത്തിന്റെ റയലിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്. ജയത്തോടെ റയൽ മാഡ്രിഡ് തങ്ങളുടെ ഒന്നാം സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചു. നിലവിൽ 39 പോയിന്റുകളും ആയി രണ്ടാമതുള്ള ഒരു കളി കുറവ് കളിച്ച സെവിയ്യയെക്കാൾ 8 പോയിന്റുകൾ മുന്നിൽ ആണ് റയൽ.