ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഇന്നും വിജയം. എവേ മത്സരത്തിൽ മോണ്ടെപില്ലെറിനെയാണ് പി എസ് ജി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പി എസ് ജി ഇന്ന് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയതിനു ശേഷമായിരുന്നു പി എസ് ജിയുടെ വിജയം. ഇക്കാർഡി, എമ്പപ്പെ, നെയ്മർ എന്നീ മൂന്ന് അറ്റാക്കിംഗ് സൂപ്പർ താരങ്ങളുടെ മികവാണ് പി എസ് ജിക്ക് ഇന്ന് സഹയായമായത്.
41ആം മിനുട്ടിൽ ഒഎഉ സെൽഫ് ഗോളിലൂടെയാണ് മോണ്ടെപിലെർ മുന്നിൽ എത്തിയത്. ആ ലീഡ് അവർ നന്നായി ഡിഫൻഡ് ചെയ്തു എങ്കിലും ഒരു ചുവപ്പ് കാർഡ് ഹോം ടീമിന് വിനയായി. 72ആം മിനുട്ടിൽ മെൻഡെസാണ് ചുവപ്പ് കണ്ട് പുറത്തായത്. ഇതോടെ മുൻതൂക്കം നേടിയ പി എസ് ജി പിന്നാലെ കളിയിലേക്ക് തിരികെയെത്തി. 74ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ നെയ്മർ ആണ് ആദ്യം ഗോൾ നേടിയത്. പിന്നാലെ എമ്പപ്പയുടെ ഗോളിൽ പി എസ് ജി മുന്നിൽ എത്തി. നെയ്മർ ആയിരുന്നു എമ്പപ്പെയുടെ ഗോൾ ഒരുക്കിയത്. അവസാനം ഇക്കാർഡി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
ഈ വിജയത്തോടെ 39 പോയന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമത് തുടരുകയാണ് പി എസ് ജി. 16 മത്സരങ്ങളിൽ നിന്നാണ് 39 പോയന്റുള്ളത്. 31 പോയന്റുള്ള മാഴ്സെ ആണ് ലീഗിൽ രണ്ടാമത് ഉള്ളത്.