ഇതാണ് താൻ ഇഷ്ടപ്പെടുന്ന ഡെംബലെ; ഫ്രഞ്ച് താരത്തെ പുകഴ്ത്തി സാവി

യുവന്റസുമായുള്ള പ്രീ സീസൺ മത്സരത്തിൽ ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ശോഭിച്ച താരമായിരുന്നു ഡെമ്പലെ. തന്റെ സ്വതസിദ്ധമായ വേഗവും താളവും കൊണ്ട് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞു നേടിയ ഗോളുകൾ ബാഴ്‍സയേയും ആരാധകരെയും തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. മത്സര ശേഷം കോച്ച് സാവി നടത്തിയ പ്രസ്താവനയിലും ഇത് പ്രകടമായിരുന്നു. ടീമിന്റെ ഇരു ഗോളുകളും നേടിയ ഡെമ്പലെയെ സാവി വാനോളം പുകഴ്ത്തി.

“തന്റെ കഴിവ് എന്താണെന്ന് ഡെമ്പലെ തെളിയിച്ചു. ഡെമ്പലെയെ പോലെ മത്സരത്തിൽ മാറ്റം കൊണ്ടു വരാൻ കഴിവുള്ള താരങ്ങൾ ലോകഫുട്ബോളിൽ വിരളമാണ്” സാവി പറഞ്ഞു. താൻ ബാഴ്‌സലോണയിലേക്ക് വരുന്നതിന് മുന്നേ ഡെമ്പലെ എങ്ങനെ ആയിരുന്നു എന്ന് തനിക്ക് അറിയില്ലെന്ന് സാവി പറഞ്ഞു. എന്നാൽ നിലവിൽ മികച്ച പ്രകടനം നടത്തുന്ന ഈ ഡെമ്പലെയിൽ താൻ സന്തുഷ്ടനാണെന്നും സാവി കൂട്ടിച്ചേർത്തു.

വളരെ സവിശേഷനായ താരമാണ് ഡെമ്പലെ, അദ്ദേഹത്തെ പോലെ കഴിവുള്ള താരങ്ങൾ കുറവാണ്. തങ്ങളുടെ ശൈലിയിൽ ഡെമ്പലേക്ക് ഒരുപാട് സംഭാവനകൾ നൽകാൻ ആവും. എന്നാൽ താരം ഫോം നിലനിർത്തേണ്ടത് അത്യവശ്യമാണെന്നും സാവി പറഞ്ഞു. സാവിയുടെ കൂടി നിർബന്ധത്തിന് വഴങ്ങിയാണ് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും ഡെമ്പലെയെ ടീമിൽ നിലനിർത്താൻ ബാഴ്‌സക്ക് സാധിച്ചത്. തന്റെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ സാവിയുടെ തീരുമാനം ശരിയെന്നു ഡെമ്പലെ അടിവരയിടുകയാണ്.