തുടർച്ചയായ രണ്ടാം സീസണിലെയും ചാമ്പ്യൻസ് ലീഗിലെ പുറത്താകലിന് ശേഷവും ടീമിൽ വിശ്വാസമർപ്പിച്ച് സാവി ഹെർണാണ്ടസ്. നിലവിലെ പദ്ധതികളിൽ ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്നും കിരീടങ്ങൾ നേടുക തന്നെയാണ് ഈ സീസണിലെ ലക്ഷ്യമെന്നും സാവി പറഞ്ഞു. അതേ സമയം തനിക്ക് ഉദ്ദേശിച്ച ഫലം നേടാൻ ആയില്ലെങ്കിൽ തീർച്ചയായും പുറത്താക്കപ്പെടുമെന്നും സാവി അർത്ഥശങ്കയില്ലാത്ത വിധം വ്യക്തമാക്കി. വലൻസിയയുമായുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
“ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് നിരാശ തന്നെയാണ്. പക്ഷെ സീസണിലെ ടീമിന്റെ ലക്ഷ്യങ്ങൾ മാറുന്നില്ല. കിരീടങ്ങൾ തന്നെയാണ് ഉന്നം വെക്കുന്നത്. ലാ ലീഗയും യൂറോപ്പയും അടക്കം നാല് ടൂർണമെന്റുകൾ ഞങ്ങൾക്ക് മുന്നിലുണ്ട്. ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ട്.” സാവി പറഞ്ഞു. ലാ ലീഗയിൽ ടീം മികച്ച രീതിയിൽ മുന്നേറുന്നുണ്ടെന്നും അടുത്ത മത്സരത്തിലും ഈ പ്രകടനം തുടരാൻ തന്നെയാണ് ഉന്നമിടുന്നതെന്നും സാവി കൂട്ടിച്ചേർത്തു. ലപോർടയടക്കമുള്ള ടീം മാനേജ്‌മെന്റിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്ന് സാവി ചൂണ്ടിക്കാണിച്ചു. ജനുവരിയിലെ താര കൈമാറ്റത്തെ കുറിച്ച് ടീം മാനേജ്‌മെന്റ് തന്നെ തീരുമാനിക്കും എന്നും സാവി പറഞ്ഞു.