സീസണിൽ മോശം തുടക്കം കുറിച്ചതിന് പുറമെ പരിശീലകൻ കിക്കെ സെറ്റിയനെ പുറത്താക്കി വിയ്യാ റയൽ. നാല് മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്ന് തോൽവിയും ഒരേയൊരു ജയവുമായി പതിനഞ്ചാം സ്ഥാനത്താണ് വിയ്യാ റയൽ. ടീമിന്റെ ഡിഓഎഫ് ആയ മിഗ്വെൽ അഞ്ചെൽ ടെനാ താൽക്കാലികമായി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും ക്ലബ്ബ് അറിയിച്ചു. വിഷമഘട്ടത്തിൽ ടീമിലേക്ക് കോച്ചിന് നന്ദി പറയാനും വിയ്യാറയൽ മറന്നില്ല. “കഴിഞ്ഞ സീസണിൽ നിർണായക ഘട്ടത്തിൽ എത്തി ടീമിൽ മാറ്റം കൊണ്ടു വരാൻ സെറ്റിയനും സംഘത്തിനും ആയി. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ലീഗിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി തരാനും അദ്ദേഹത്തിനായി”, ക്ലബ്ബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിച്ചേക്കും.
അവസാന മത്സരത്തിൽ കാഡിസിനോട് കൂടി തോറ്റതാണ് സെറ്റിയന് തിരിച്ചടി ആയത്. കൂടാതെ ബെറ്റിസ്, ബാഴ്‌സലോണ എന്നിവരോടും പരാജയപ്പെട്ടു. മയ്യോർക്കയെ മാത്രമാണ് ഇതുവരെ കീഴടക്കാൻ സാധിച്ചത്. അതേ സമയം പ്രമുഖ താരങ്ങൾ ആയ നിക്കോൾ ജാക്സൻ, ലെസ്ലെ ഉഗോച്ചുക്വു, പാവോ ടോറസ് എന്നിവരെ നഷ്ടമായ ടീം കൃത്യമായ പകരക്കാരെ എത്തിക്കാത്തതും ടീമിന്റെ പ്രകടനത്തിൽ നിർണായകമായി. മധ്യനിരയിൽ നിന്നും അലക്‌സ് ബയേനയെ കൂടുതലും മുൻനിരയിലേക്ക് കൊണ്ടു വരേണ്ട സ്ഥിതിയും ഉണ്ടായി. നേരത്തെ ബാഴ്‌സലോണ വിട്ട ശേഷം ചെറിയൊരു ഇടവേളക്ക് ശേഷമാണ് സെറ്റിയൻ വിയ്യാറയലിലൂടെ കോച്ചിങ്ങിലേക്ക് മടങ്ങി എത്തുന്നത്. തുടക്കത്തിൽ കോച്ചിന്റെ ശൈലിയിൽ താരങ്ങൾ അടക്കം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തുടർന്ന് ടീം മികച്ച പ്രകടനം തന്നെ ലീഗിൽ കാഴ്ചവെച്ചു.