പരിക്കേറ്റ വിങർ ഉസ്മാൻ ദംബലെക്ക് പകരക്കാരനെ ടീമിൽ എത്തിക്കാൻ ബാഴ്സലോണക്ക് ല ലീഗയുടെ പ്രത്യേക അനുമതി. ട്രാൻസ്ഫർ വിൻഡോ അടച്ച സാഹചര്യത്തിൽ ആണ് ബാഴ്സ പുതിയ കളിക്കാരനെ എത്തിക്കാൻ പ്രത്യേകം അനുമതി ലഭിക്കാൻ അപേക്ഷിച്ചത്.
ഒരു കളിക്കാരൻ അഞ്ചോ അതിൽ കൂടുതൽ മാസമോ പുറത്താകും എന്ന ഘട്ടത്തിലാണ് ഇത്തരം പ്രത്യേക സൈനിങ്ങുകൾക്ക് അപേക്ഷ നൽകേണ്ടത്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന കളിക്കാരന് ലീഗിൽ മാത്രമേ കളിക്കാൻ പറ്റൂ. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ഈ താരത്തിന് അർഹത ഉണ്ടായിരിക്കില്ല. കൂടാതെ ഏതെങ്കിലും ല ലീഗ ക്ലബ്ബിൽ നിന്നോ, ഫ്രീ ഏജന്റ് ആയ കളിക്കാരനെയോ മാത്രമേ ഈ അനുമതി പ്രകാരം വാങ്ങാൻ സാധിക്കൂ. നിലവിൽ ലൂക്കാസ് പെരസ്, ഗെറ്റാഫെ താരം എയ്ഞ്ചൽ എന്നിവരെയാണ് ബാഴ്സ ലക്ഷ്യം വെക്കുന്നത്. ഇന്ന് മുതൽ 15 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കുകയും വേണം.