കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ ഏറ്റ ദയനീയ പരാജയത്തോടെ ബാഴ്സലോണ പരിശീലകൻ വാൽവെർഡെയുടെ ഭാവി അനിശ്ചിതത്തത്തിൽ ആയിരിക്കുകയാണ്. ലാലിഗ കിരീടം രണ്ട് സീസണുകളിലും നേടി എങ്കിലും ചാമ്പ്യൻസ് ലീഗിലെ നിരാശയാണ് വാല്വെർഡെയെ മാറ്റണോ എന്ന ചർച്ചയിൽ ബോർഡിനെ എത്തിച്ചിരിക്കുന്നത്. ബോർഡിലെ ഭൂരിഭാഗവും വാല്വർഡെയുടെ ചാമ്പ്യൻസ് ലീഗിലെ പ്രകടനങ്ങൾ വലിയ നിരാശയിലാണ്.
ഈ സീസണിൽ ലിവർപൂളിനോട് നാണംകെട്ടത് പോലെ കഴിഞ്ഞ സീസണിൽ റോമയോടും സമാനമായ രീതിയിൽ ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. ബാഴ്സലോണ ക്ലബിന് യൂറോപ്പിൽ ഇത് നാണക്കേട് നൽകുന്നു എന്നതാണ് ബോർഡിനെ ആശങ്കയിൽ ആക്കുന്നത്. വൻ തുക മുടക്കി വൻ താരങ്ങളെ എത്തിച്ചിട്ടും മാറ്റങ്ങൾ ഇല്ല എന്നതും ബോർഡിൽ ഉയരുന്ന വിമർശനമാണ്. എന്നാൽ താരങ്ങൾ വാല്വെർഡെയിൽ തൃപ്തരാണ്. താരങ്ങൾ ഭൂരിഭാഗവും വാല്വെർഡെ തുടരണം എന്നാഗ്രഹിക്കുന്നവരാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.