ബാഴ്‌സയെ തകർത്ത് വല്ലഡോളിഡ്; റിലഗേഷൻ സോണിൽ നിന്നും പുറത്തേക്ക്

Nihal Basheer

Fw10n6ux0aa6icj
Download the Fanport app now!
Appstore Badge
Google Play Badge 1

നിർണായക മത്സരത്തിൽ ബാഴ്‌സലോണയെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് വല്ലഡോളിഡിന് തകർപ്പൻ ജയം. അവസാന അഞ്ച് മത്സരങ്ങളിൽ തോൽവിയുമായി ലീഗിലെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയ സ്ഥിതിയിൽ ബാഴ്‌സക്കെതിരെ അവസരത്തിനൊത്തുയർന്ന് അവർ വിജയം കാണുകയായിരുന്നു. ലാരിൻ, പ്ലറ്റ എന്നിവർ വല്ലഡോളിഡിനായി ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ക്രിസ്റ്റൻസന്റെ സെൽഫ് ഗോൾ ആയിരുന്നു. ലെവെന്റോവ്സ്കി ബാഴ്‍സക്കായി ഒരു ഗോൾ തിരിച്ചടിച്ചു. ജയത്തോടെ റിലെഗെഷൻ സോണിൽ നിന്നും മൂന്ന് പോയിന്റ് അകലെ എത്താൻ വല്ലഡോളിഡിനായി.
Fw1tftwxwae2vfz
കിരീടം നേടിയ ആലസ്യത്തിൽ നിന്നും ഉണരാതെ കളിച്ച ബാഴ്‌സലോണ, സോസിഡാഡിനെതിരെയെന്ന പോലെ ഒട്ടും താളമില്ലാതെയാണ് ആദ്യ പകുതി ആരംഭിച്ചത്. രണ്ടാം മിനിറ്റിൽ സെൽഫ് ഗോളിന്റെ രൂപത്തിൽ ബാഴ്‌സലോണ പോസ്റ്റിൽ പന്തെത്തി. എതിർ താരത്തിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ക്രിസ്റ്റൻസന്റെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കുകയായിരുന്നു. ഗോൾ വീണ ശേഷം കുറച്ചൊന്ന് ഉണർന്ന് കളിക്കാൻ ബാഴ്‌സക്കായെങ്കിലും വല്ലഡോളിഡ് കീപ്പർ മാസിപ്പ് അപാരമായ ഫോമിലൂടെ സാവിയുടെ ടീമിന്റെ പ്രതീക്ഷകൾ തടുത്തു. റാഫിഞ്ഞയുടെ ഷോട്ട് കീപ്പർ സേവ് ചെയ്തു. ഇരുപത്തിയൊന്നാം മിനിറ്റിൽ എറിക് ഗർഷ്യയുടെ പിഴവിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ സിലെ ലാരിൻ വല്ലഡോളിഡിന് രണ്ടാം ഗോൾ സമ്മാനിച്ചു. കോർണറിൽ നിന്നും ക്രിസ്റ്റൻസന്റെ ഹെഡർ ശ്രമം മാസിപ്പ് തടുത്തു. ഇടവേളക്ക് മുൻപ് ചില അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ ബാഴ്‌സക്കായി.

രണ്ടാം പകുതിയിൽ മാറ്റങ്ങളോടെ ഇറങ്ങിയ ബാഴ്‌സലോണക്ക് കുറച്ചു സമയം മത്സരത്തിൽ ആധിപത്യം നിലനിർത്താൻ ആയെങ്കിലും വല്ലഡോളിഡ് പതിയെ തിരിച്ചു വന്നു. ബാഴ്‌സ ഗോൾ മുഖത്ത് തുടർച്ചയായ അപകടമെത്തി. ഇടത് വിങ്ങിൽ നിന്നും മാച്ചിസിന്റെ ലാരിനിലേക്കുള്ള ക്രോസ് പോസ്റ്റിൽ ഇടിച്ചു. 73ആം മിനിറ്റിൽ ആതിഥേയർ വീണ്ടും ഗോൾ നേടി. മികച്ചൊരു കൗണ്ടർ അറ്റാക്ക് നീക്കത്തിൽ ലാരിന്റെ പാസിൽ നിന്നും പ്ലറ്റയാണ് വല കുലുക്കിയത്. ഓഫ് സൈഡ് മണമുണ്ടായിരുന്നതിനാൽ വാർ ചെക്കിലൂടെയാണ് ഗോൾ അനുവദിച്ചത്. പിന്നീടും വല്ലഡോളിഡിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും നിർഭാഗ്യം തടസമായി. ശേഷം ലെവെന്റോവ്സ്കിയിലൂടെ ബാഴ്‌സ ഒരു ഗോൾ തിരിച്ചടിച്ചു. 84ആം മിനിറ്റിൽ ഡി യോങ് നീട്ടി നൽകിയ ബോൾ ഓടിയെടുത്ത പോളിഷ് താരം കീപ്പറേയും മറികടന്ന് ദുഷകരമായ ആംഗിളിൽ നിന്നും പന്ത് വലയിൽ എത്തിച്ചു.