ലാ ലീഗ റെക്കോർഡ് തിരുത്തി കവാനിയുടെ അരങ്ങേറ്റം, സെൽറ്റയെ തകർത്തു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ സെൽറ്റ വിഗോയെ തകർത്തു വലൻസിയ. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ സെൽറ്റയെ തോൽപ്പിച്ചത്. വലൻസിയക്ക് ആയി അരങ്ങേറ്റം കുറിച്ച ഉറുഗ്വായ് താരം എഡിസൺ കവാനി ലാ ലീഗയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി മാറി. 37 മത്തെ മിനിറ്റിൽ സാമു കാസ്റ്റിലെഹോ ആണ് വലൻസിയയുടെ ആദ്യ ഗോൾ നേടിയത്.

59 മത്തെ മിനിറ്റിൽ മോശം ഫൗളിന് ഫ്രാങ്കോ കെർവി ചുവപ്പ് കാർഡ് കണ്ടതോടെ സെൽറ്റ 10 പേരായി ചുരുങ്ങി. 82 മത്തെ മിനിറ്റിൽ മാർകോസ് ആന്ദ്ര ഗോൾ നേടിയപ്പോൾ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ആന്ദ്ര അൽമെയിഡ ആണ് വലൻസിയ ജയം പൂർത്തിയാക്കിയത്. നിലവിൽ വലൻസിയ എട്ടാമതും സെൽറ്റ പതിമൂന്നാം സ്ഥാനത്തും ആണ്.