ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റെഗനും ക്ലബും തമ്മിലുള്ള കരാർ ചർച്ച അനന്തമായി നീളുകയാണ്. ടെർ സ്റ്റേഗൻ ഇപ്പോഴും ബാഴ്സലോണ വാഗ്ദാനം ചെയ്യുന്ന കരാർ അംഗീകരിക്കാൻ തയ്യാറല്ല എന്നാണ് സ്പെയിനിൽ നിന്നുള്ള വാർത്തകൾ. ലോകത്തെ ഏറ്റവും വേതനം വാങ്ങുന്ന ഗോൾ കീപ്പറായി മാറുന്ന ഒരു കരാറാണ് ടെർ സ്റ്റേഗൻ ആവശ്യപ്പെടുന്നത് എന്നാണ് വിവരങ്ങൾ. വർഷം 18 മില്യൺ വേതനം എന്ന കരാറാണ് ടെർ സ്റ്റേഗന്റെ ആവശ്യം.
നേരത്തെ താരം 24 മില്യൺ പ്രതി വർഷം ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊറോണ സമയം ആയതിനാൽ ആണ് ഇപ്പോൾ ടെർ സ്റ്റേഗൻ ആ ആവശ്യം 18 മില്യണായി കുറച്ചത്. ഇതുവരെ 7ൽ അധികം തവണ ക്ലബും ടെർസ്റ്റേഗന്റെ ഏജന്റും തമ്മിൽ ചർച്ചകൾ നടത്തി എങ്കിലും കരാറിൽ തീരുമാനം ആയില്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്രയും വലിയ വേതനം എന്നത് അസാധ്യമാണ് എന്നാണ് ബാഴ്സലോണ ആരാധകർ വരെ കരുതുന്നത്.
2014ൽ ആയിരുന്നു ടെർസ്റ്റേഗൻ ബാഴ്സലോണയിൽ എത്തിയത്. അവസാന വർഷങ്ങളിൽ പകരം വെക്കാനില്ലാത്ത പ്രകടനം തന്നെ അദ്ദേഹത്തിന് കാഴ്ചവെക്കാൻ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്.