മെസ്സിയോട് ബാഴ്‌സലോണയിൽ കരിയർ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സുവാരസ്

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയോട് ബാഴ്‌സലോണയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് മുൻ ബാഴ്‌സലോണ താരം ലൂയിസ് സുവാരസ്. മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരണമെന്നും അവിടെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കണമെന്നും സുവാരസ് പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയിൽ മെസ്സി ബാഴ്‌സലോണയിൽ തന്നെ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുവാരസ് പറഞ്ഞു. മെസ്സി ബാഴ്‌സലോണ വിടുന്നത് താരത്തിന് ഗുണം ചെയ്യില്ലെന്നും എന്നാൽ മെസ്സിയാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും സുവാരസ് പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിലാണ് ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായിരുന്ന സുവാരസ് ബാഴ്‌സലോണ വിട്ട് അത്ലറ്റികോ മാഡ്രിഡിൽ എത്തിയത്. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന മെസ്സി ടീം വിടുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് സുവാരസിന്റെ പ്രതികരണം. മെസ്സിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ടീമായ പി.എസ്.ജിയും ശ്രമങ്ങൾ നടത്തുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.