ലാ ലീഗയിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡ് വാങ്ങി റെക്കോർഡ് ഇട്ട സെർജിയോ റാമോസിന് ഇത് ചുവപ്പ് കാർഡ് ഇല്ലാത്ത വർഷം. തന്റെ പ്രൊഫഷണൽ കരിയറിൽ ആദ്യമായിട്ടാണ് ചുവപ്പ് കാർഡ് ലഭിക്കാതെ സെർജിയോ റാമോസിന്റെ 12 മാസം കടന്നു പോവുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സെർജിയോ റാമോസ് അവസാനമായി ചുവപ്പ് കാർഡ് കണ്ടത്. അത്ലറ്റികോ ബിൽബാവോക്കെതിരായായിരുന്നു ആ ചുവപ്പ് കാർഡ്.
2017ൽ സെർജിയോ റാമോസ് രണ്ടു തവണ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. അത്ലറ്റികോ ബിൽബാവോയെ കൂടാതെ ഡീപോർട്ടിവ ലാ കോരുണക്കെതിരെയായിരുന്നു റാമോസിന് ലഭിച്ച മറ്റൊരു ചുവപ്പ് കാർഡ്. അതെ സമയം സ്പെയിനിന് വേണ്ടി 161 മത്സരങ്ങൾ കളിച്ച സെർജിയോ റാമോസ് ഒരു തവണ പോലും ചുവപ്പ് കാർഡ് വാങ്ങിയിട്ടില്ല എന്നത് മറ്റൊരു ചരിത്രം.
2005 സെപ്റ്റംബറിൽ തന്റെ ആദ്യ ചുവപ്പ് കാർഡ് വാങ്ങിയ റാമോസ് ഇതുവരെ റയൽ മാഡ്രിഡ് ജേഴ്സിയിൽ 24 ചുവപ്പു കാർഡുകൾ കണ്ടിട്ടുണ്ട്. ഇതിൽ 19 എണ്ണം ലാ ലീഗയിൽ ആയിരുന്നു. ലാ ലീഗയിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡ് കണ്ട താരവും സെർജിയോ റാമോസ് ആയിരുന്നു.