പതിനാറു വർഷത്തെ ലാ ലീഗ കരിയർ അവസാനിപ്പിച്ച് റയൽ ബെറ്റിസ് താരം സെർജിയോ കനാലസ് മെക്സിക്കൻ ലീഗിലേക്ക് ചേക്കേറുന്നു. “റയദോസ്” എന്നറിയപ്പെടുന്ന സി.എഫ് മോന്റെറെയ് ആണ് മുപ്പതിരണ്ടുകാരന്റെ പുതിയ തട്ടകം. പത്ത് മില്യൺ യൂറോയാണ് കൈമാറ്റ തുക. ഏഴു മില്യൺ ആഡ് ഓണുകളും ഉണ്ട്. റയൽ മാഡ്രിഡ്, വലൻസിയ സോസിഡാഡ് ടീമുകൾക്ക് വേണ്ടി പന്തു തട്ടിയ ശേഷമാണ് കനലെസ് ബെറ്റിസിലേക്ക് എത്തുന്നത്. ലാ ലീഗയിലെ തന്നെ മികച്ച മധ്യനിരക്കാരിൽ ഒരാളെയാണ് ബെറ്റിസിന് ഇതോടെ നഷ്ടമാവുന്നത്.
കഴിഞ്ഞ സീസണുകളിൽ പെല്ലഗ്രിനിയുടെ വിശ്വസ്തനായ താരമായിരുന്ന കനാലസിന്റെ കൂടുമാറ്റം ടീമിൽ വലിയൊരു വിടവ് തന്നെയാണ് സൃഷ്ടിക്കുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടീം പകരക്കാരെ എത്തിക്കാൻ നേരത്തെ ശ്രമം ആരംഭിച്ചിരുന്നു. ലോ സെൽസോയെയാണ് ടീം നോട്ടമിട്ടതെങ്കിലും ടോട്ടനം ഉയർന്ന തുക ചോദിക്കുന്നത് ബെറ്റിസിന് പ്രതിസന്ധി തീർക്കുന്നു. എങ്കിലും മർക്കോസ് റോക, അലക്‌സ് കൊള്ളാഡോ എന്നിവരെ ടീമിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഔദ്യോഗിക കുറിപ്പിൽ കഴിഞ്ഞ സീസണുകളിലെ സേവനങ്ങൾക്ക് താരത്തിന് നന്ദി അറിയിച്ച ബെറ്റിസ്, കരിയറിലെ പുതിയ ചുവടുവെപ്പിൽ കനാലസിന് എല്ലാ ഭാവുകങ്ങളും നേർന്നു.
Download the Fanport app now!