ടീം ക്യാപ്റ്റന്മാരിൽ ഒരാളായ സെർജി റോബർട്ടോയെ നിലനിർത്താനുള്ള ബാഴ്‌സയുടെ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. താരവുമായി കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ സൂചന നൽകുന്നു. അടുത്ത വർഷം ജൂൺ വരെ ആവും പുതിയ കരാറിന്റെ കാലാവധിയെന്നാണ് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ജനുവരിയിൽ ബാഴ്‌സയുടെ ആദ്യ ഓഫർ താരം തള്ളിക്കളഞ്ഞതായി വാർത്തകൾ വന്നിരുന്നു.
പുതിയ കരാർ പ്രകാരം പ്രകടന മികവ് അനുസരിച്ചാവും താരത്തിന്റെ സാലറിയുടെ വലിയൊരു ഭാഗം വരുന്നത്. സീസണിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിലും പതിനെട്ടോളം മത്സരങ്ങൾ ടീമിനായി കളത്തിലിറങ്ങി. ഹെക്ടർ ബെല്ലാരിൻ കൂടി ടീം വിട്ടതോടെ ബാഴ്‌സയിൽ റൈറ്റ് ബാക്ക് സ്ഥാനത്ത് ഇറങ്ങാൻ കഴിവുള്ള താരങ്ങൾ കുണ്ടേയിലേക്കും സെർജി റോബർട്ടോയിലേക്കും ചുരുങ്ങിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കൂടി കണക്കിൽ എടുക്കുമ്പോൾ പകരക്കാരൻ എന്ന നിലയിൽ റോബർട്ടോയെ നിലനിർത്താൻ സാധിക്കുന്നത് ബാഴ്‌സക്കും നേട്ടമാണ്. അവസാന ഘട്ട ചർച്ചകൾ കൂടി തീരുന്നതോടെ കരാറിൽ ഔദ്യോഗികമായി താരം ഒപ്പിടും.