മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ബാഴ്‌സയുടെ ഉറുഗ്വേയൻ താരം റൊണാൾഡ് അരോഹോ കളത്തിലേക്ക് തിരിച്ചെത്തുന്നു. ഈ വാരം നടക്കുന്ന കോപ്പ ഡെൽ റേ മത്സരത്തിൽ ബാഴ്‌സ ജേഴ്‌സിയിൽ താരം തിരിച്ചെത്തും എന്നാണ് സൂചനകൾ. മൂന്നാം ഡിവിഷൻ ക്ലബ്ബ് ആയ ഇന്റർസിറ്റി ആണ് മത്സരത്തിൽ ബാഴ്‌സയുടെ എതിരാളികൾ. നേരത്തെ എസ്പാന്യോളിനെതിരായ മത്സരത്തിന് മുൻപ് തന്നെ താരത്തിന് കളത്തിൽ ഇറങ്ങാൻ മെഡിക്കൽ ഗ്രീൻ ലൈറ്റ് കിട്ടിയിരുന്നെങ്കിലും ബെഞ്ചിൽ തന്നെ ആയിരുന്നു സ്ഥാനം.
താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരായ മത്സരം ദീർഘകാലത്തിന് ശേഷം മടങ്ങിയെത്തുന്ന അരോഹോക്ക് കൂടുതൽ യോജിച്ചതാവും. സെപ്റ്റംബർ 23ന് നടന്ന ഉറുഗ്വേയുടെ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചു കയറിയ താരം പിന്നീട് പരിശോധനകൾക്ക് ശേഷം ഫിൻലന്റിൽ വെച്ചു ശസ്‌ത്രക്രിയക്കും വിധേയനായിരുന്നു. ശേഷം ഉറുഗ്വേയുടെ ലോകകപ്പ് ടീമിലും ഇടം പിടിച്ചിരുന്നെങ്കിലും ടൂർണമെന്റിലുടനീളം ബാഴ്‌സയുടെ സൂഷ്മ നിരീക്ഷണത്തിൽ ആയിരുന്നു താരം. തുടർന്ന് കളത്തിൽ ഇറങ്ങാനും സാധിച്ചിരുന്നില്ല. താരത്തിന്റെ മടങ്ങി വരവ് ബാഴ്‌സയുടെ ഡിഫെൻസിന് കരുത്തേക്കും എന്ന കാര്യത്തിൽ സംശയമില്ല.