ലാലിഗ; കുബോയുടെ ഗോളിൽ വിജയം നേടി സോസിഡാഡ്

ലാലിഗ; ലീഗിലെ ആദ്യ മത്സരത്തിൽ കാഡിസിനെതിരെ വിജയം കുറിച്ച് റയൽ സോസിഡാഡ്. കാഡിസിന്റെ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സോസിഡാഡ് വിജയം നേടിയത്. മത്സരത്തിലെ വിജയഗോൾ റയലിൽ നിന്നും സീസണിൽ ടീമിൽ എത്തിയ യുവതാരം കുബോ നേടി.

അലക്‌സാണ്ടർ ഐസക്ക്, ഡേവിഡ് സിൽവ തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാമായി ഇറങ്ങിയ സോസിഡാഡിന് മുന്നിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു കൊണ്ടു തന്നെയാണ് കാഡിസ് പന്തു തട്ടിയത്. പന്ത് കൂടുതൽ കൈവശം വെച്ചെങ്കിലും കാഡിസിന്റെ പ്രതിരോധം പിളർത്താൻ പലപ്പോഴും സോസിഡാഡിനായില്ല. ഇരുപത്തിനാലാം മിനിറ്റിൽ മികെൽ മേറിനോയുടെ അസിസ്റ്റിലാണ് കുബോ ടീമിന്റെ വിജയ ഗോൾ നേടിയത്. റയലിൽ ആയിരുന്നപ്പോൾ അവസാന സീസണുകളിൽ വിവിധ ടീമുകളിൽ ലോണിൽ കളിച്ചിരുന്ന താരത്തിന് തന്റെ കരിയറിന്റെ പുതിയ തുടക്കം ഗോൾ നേടിക്കൊണ്ടു തന്നെ ആരംഭിക്കാനായി. സോസിഡാഡിനോട് തുടർച്ചയായ അഞ്ചാം തോൽവിയാണ് ലീഗിൽ കാഡിസ് വഴങ്ങുന്നത്.

Story Highlight: Real Sociedad beat Cadiz 1-0