റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പിൽ നിന്നും പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലെറ്റിക്ക് ക്ലബ്ബ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. റൗൾ ഗാർസിയയുടെ ഇരട്ട ഗോളുകളാണ് അത്ലെറ്റിക്ക് ക്ലബ്ബിന് തുണയായത്. റയൽ മാഡ്രിഡിന്റെ ആശ്വാസ ഗോൾ കെരീം ബെൻസിമ നേടി. ഒൻപത് മത്സരങ്ങളിലെ റയൽ മാഡ്രിഡിന്റെ അപരാജിതക്കുതിപ്പാണ് അത്ലെറ്റിക്ക് ക്ലബ്ബ് അവസാനിപ്പിച്ചത്.
സ്പാനിഷ് സൂപ്പർ കപ്പിൽ ഒരു എൽ ക്ലാസിക്കോ കാണാം എന്ന ഫുട്ബോൾ ആരാധാകരുടെ സ്വപ്നങ്ങളാണ് അത്ലെറ്റിക്ക് ക്ലബ്ബ് തല്ലിത്തകർത്തത്. റയൽ സോസിദാദിനോട് ജയിച്ച ബാഴ്സലോണയാണ് സൂപ്പർ കോപ്പ ഫൈനലിൽ അത്ലെറ്റിക്ക് ക്ലബ്ബിന്റെ എതിരാളികൾ. ഇത് നാലാം തവണയാണ് അത്ലെറ്റിക്കോ ബിൽബാവോ സ്പാനിഷ് കപ്പിന്റെ ഫൈനലിൽ എത്തുന്നത്.
എല്ലാ തവണയും ബാഴ്സലോണ ആയിരുന്നു എതിരാളികൾ. 34കാരനായ റൗൾ ഗാർസിയയുടെ മുന്നിൽ സിനദിൻ സിദാനും സംഘവും കീഴടങ്ങുകയായിരുന്നു. പെനാൽറ്റിക്ക് മുന്നിൽ കുർതോയ്ക്ക് വീണ്ടും ചുവട് പിഴച്ചപ്പോൾ റയൽ മാഡ്രിഡിനെ തകർത്ത് അത്ലെറ്റിക്കോ ക്ലബ്ബ് സൂപ്പ കോപ്പ ഫൈനലിൽ കടക്കുകയായിരുന്നു.