ലാ ലീഗയിൽ വിജയവഴികളിൽ തിരികെയെത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അലാവെസിനെ പരാജയപ്പെടുത്തിയത്. കെരീം ബെൻസിമ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഈഡൻ ഹസാർഡ് ഒരു ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. കസെമിറീയുടെ ഗോളിലാണ് റയൽ അക്രമണം തുടങ്ങിയത്.
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ ലീഡ് നേടാൻ റയലിനായി. രണ്ടാം പകുതിയിൽ ജോസേലുവാണ് അലാവെസിന്റെ ആശ്വാസ ഗോൾ നേടിയത്. മൂന്നാം ഡിവിഷൻ ക്ലബ്ബിനോട് തോറ്റ് പുറത്തായെന്ന നാണക്കേടിൽ നിന്ന് പുറത്ത് കടക്കാൻ റയൽ മാഡ്രിഡിനെ ഈ വമ്പൻ ജയം സഹായിക്കും.100 മില്ല്യൺ താരമായ ഈഡൻ ഹസാർഡ് തിരികെ ഫോമിലെത്തിയത് സിദാന് ആശ്വാസമാണ്. കോപ്പ ഡെൽ റേയിൽ നിന്നുള്ള അപ്രതീക്ഷിതമായ പുറത്താവൽ പരിശീലകൻ സിനദിൻ സിദാന് മേൽ സമ്മർദ്ദം കൂട്ടിയിരുന്നു.
കോവിഡ് പോസിറ്റീവ് ആയ സിദാൻ റയലിനൊപ്പം ഇന്നലെ ഉണ്ടായിരുന്നില്ല. നിലവിൽ രണ്ട് മത്സരങ്ങൾ കളിക്കാൻ ബാക്കിയുള്ള അത്ലെറ്റിക്കോ മാഡ്രിഡ് തന്നെയാണ് ലാ ലീഗ പോയന്റ് നിലയിൽ ഒന്നാമത്. സിമിയോണിയുടെ ക്ലബ്ബിന്റെ നാല് പോയന്റ് പിന്നിലായി ഇപ്പോൾ റയൽ മാഡ്രിഡുമുണ്ട്.