എൽ ക്ലാസിക്കോ ഒക്ടോബറിൽ നിന്നും മാറ്റേണ്ടിയിരുന്നില്ല – പിക്വെ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കമാണ് എൽ ക്ലാസിക്കോ. ഒക്ടോബറിൽ നടത്താനിരുന്ന എൽ ക്ലാസിക്കോ മാറ്റേണ്ടിയിരുന്നില്ലെന്ന് ബാഴ്സലോണ പ്രതിരോധതാരം ജെറാഡ് പിക്വെ. ഒക്ടോബർ 26നായിരുന്നു ക്യാമ്പ് നൗവിൽ വെച്ച് എൽക്ലാസിക്കോ നടക്കേണ്ടിയിരുന്നത്. എന്നാൽ കലുഷിതമായ അന്തരീക്ഷത്തെ തുടർന്ന് ഫിക്ചർ മാറ്റാൻ ലാ ലീഗ തീരുമാനിക്കുകയായിരുന്നു. ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതോടെയാണ് ഈ തീരുമാനത്തിലേക്ക് ലാ ലീഗ എത്തിയത്. ഒടുവിൽ റയൽ മാഡ്രിഡും ബാഴ്സലോണയും സംയുക്തമായി ഡിസംബർ 18 എന്ന തീയതി നൽകിയിരുന്നു.

അതു ലാലിഗ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു ടീമുകൾക്കും കടുപ്പപ്പെട്ട മത്സരങ്ങൾക്ക് ഇടയിലാണ് ഡിസംബറിൽ മത്സരം വരുന്നത്. ബാഴ്സയ്ക്ക് കൂടുതൽ വിശ്രമ സമയം ലഭിക്കുന്നുവെന്ന് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത്തരം അഭിപ്രായങ്ങൾക്ക് വിലനൽകേണ്ടതില്ല എന്നാണ് പിക്വെയുടെ അഭിപ്രായം. ഒക്ടോബറിൽ എൽ ക്ലാസിക്കോ നടത്താമായിരുന്നെന്നും സ്പാനിഷ് ഒഫീഷ്യലുകൾ ഭയപ്പെട്ട പോലെ ആയിരുന്നില്ല കാര്യങ്ങളെന്നും പിക്വെ പറഞ്ഞു. കാറ്റലൻ ജനതയുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ഫുട്ബോൾ കാരണം ഒരു അക്രമണങ്ങളും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഡ്രിഡിൽ കളി നടത്തി ഒരു റിവേഴ്സ് ക്ലാസിക്കോ പരീക്ഷണം ലാ ലീഗ മൂന്നോട്ട് വെച്ചെങ്കിലും ഒടുവിലത് ഉപേക്ഷിക്കുകയായിരുന്നു.