ടീമിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ജെറാർഡ് പിക്വേയുടെ വിടവാങ്ങൽ മത്സരത്തിന് ബാഴ്സലോണ ഒരുങ്ങുന്നു. ക്യാമ്പ്ന്യൂവിന്റെ തട്ടകത്തിൽ നാളെ അൽമേരിയയാണ് എതിരാളികൾ. ടീമിന്റെ നായകരിൽ ഒരാളായ പിക്വേക്ക് വിജയത്തോടെ അർഹമായ യാത്രയയപ്പ് നൽകാൻ ആവും ബാഴ്‌സയുടെ ലക്ഷ്യം. സമീപ കാലത്ത് ഒട്ടും ഫോമിൽ അല്ലെങ്കിലും താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം നൽകാനും സാവി തുനിഞ്ഞെക്കും.
വളരെ അപ്രതീക്ഷിതമായാണ് പിക്വേയുടെ വിരമിക്കൽ വാർത്ത എത്തിയത്. ഇതോടെ താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെയുള്ള സാധാരണ ഒരു ലീഗ് മത്സരത്തിന് ടീമിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തുന്ന തരത്തിലേക്ക് പ്രാധാന്യം കൈവന്നിരിക്കുകയാണ്. പരിക്ക് മാറി എറിക് ഗർഷ്യ, ക്രിസ്റ്റൻസൺ എന്നിവർ എത്തുന്നത് സാവിക്ക് വലിയ ആത്മവിശ്വാസം നൽകും. ഫെറാൻ ടോറസ് വീണ്ടും ഗോളടിച്ചു തുടങ്ങിയതും റാഫിഞ്ഞ പതിയെ താളം കണ്ടെത്തുന്നതും ടീമിന് ആശ്വാസമായിട്ടുണ്ട്.
പിക്വേയെ ആദ്യ ഇലവനിൽ ഇറക്കുമോ എന്നുള്ളതിന് സാവി വാർത്താസമ്മേളനത്തിൽ കൃത്യമായ മറുപടി നൽകിയില്ല എങ്കിലും ആദ്യ ഇലവനിൽ സ്ഥാനം നൽകാൻ തന്നെയാണ് സാധ്യത. പരിക്കേറ്റ കെസ്സി പുറത്തു പോയപ്പോൾ ഗവി തിരിച്ചെത്തും. ഒരിക്കൽ കൂടി ബസ്ക്വറ്റ്‌സിന് പകരകാരനായോ കൂടെയോ മധ്യനിരയിൽ ഫ്രാങ്കി ഡിയോങും എത്തും.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ ഒന്നരക്കാണ് മത്സരം ആരംഭിക്കുന്നത്.