ബാഴ്‌സലോണ യുവതാരം ഓസ്കാർ മിൻഹ്വെസ സെൽറ്റ വീഗൊയിലേക്ക്. താരത്തിന്റെ കൈമാറ്റത്തെ കുറിച്ചു ഇരു ടീമുകളും ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമമായ സ്‌പോർട് റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ടു മില്യൺ യൂറോ ആയിരിക്കും കൈമാറ്റ തുക. ഭാവിയിൽ താരത്തിന് ലഭിക്കുന്ന കൈമാറ്റ തുകയിലെ ഒരു ഭാഗവും ബാഴ്‌സക്ക് നേടാൻ ആവും. നാല് വർഷത്തെ കരാർ ആണ് പ്രതിരോധ താരത്തിന് സെൽറ്റ വീഗൊ നൽകുക എന്നാണ് സൂചനകൾ. കൈമാറ്റത്തിന് മിൻഹ്വെസയും സമ്മതം മൂളിയിട്ടുണ്ട്. താരവുമായുള്ള ചർച്ചകളിലേക്ക് സെൽറ്റ ഉടനെ കടക്കും.
ഈ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി മികച്ച താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞെങ്കിലും വിറ്റൊഴിവാക്കാൻ നിശ്ചയിച്ച താരങ്ങളിൽ ഒരാളെ പോലും മറ്റ് ടീമുകളിലേക്ക് കൈമാറാൻ ഇതുവരെ ബാഴ്‌സലോണക്ക് സാധിച്ചിരുന്നില്ല. പുതിയ ടീമുകൾ തേടാൻ നിർദേശിച്ച താരങ്ങളെ ടീമിന്റെ അമേരിക്കൻ പര്യടനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മിൻഹ്‌വെസയെ കൈമാറിയാലും നെറ്റോ, ബ്രാത്വൈറ്റ്, ഉംറ്റിട്ടി, റിക്കി പൂജ് തുടങ്ങിവർക്കും എത്രയും പെട്ടെന്ന് പുതിയ ക്ലബ്ബ് തേടേണ്ടത് ബാഴ്‌സലോണയുടെ ആവശ്യമാണ്.
പ്രതിരോധ താരമായ മിൻഹ്വെസ, ലാ മാസിയയിലൂടെ വളർന്ന താരമാണ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ സീനിയർ ടീമിലേക്ക് എത്താൻ സാധിച്ചു. എങ്കിലും തുടക്കത്തിലെ ഫോം പലപ്പോഴും നിലനിർത്താൻ ആയില്ല. പ്രതിരോധത്തിൽ പുതിയ താരങ്ങളെ എത്തിക്കാൻ ബാഴ്‌സലോണ ശ്രമിച്ചു തുടങ്ങിയപ്പോൾ തന്നെ ഇരുപത്തിമൂന്ന്കാരൻ ടീം വിടുമെന്ന് ഉറപ്പായിരുന്നു. സ്‌പെയിനിൽ നിന്നു തന്നെ മറ്റ് ടീമുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ടായിരുന്നെങ്കിലും സെൽറ്റയുമായി ധാരണയിൽ എത്താൻ ബാഴ്‌സലോണക്ക് സാധിച്ചതോടെ മിൻഹ്വെസയുടെ ഭാവി അങ്ങോട്ടു തന്നെ എന്ന് ഉറപ്പായിരിക്കുകയാണ്.