ഹീറ്റ്സിൽ മൂന്നാമത്, ശ്രീഹരി നടരാജ് സെമിയിലേക്ക്, സാജന്‍ പ്രകാശ് സെമിയിലില്ല

Sriharinataraj

കോമൺവെൽത്ത് ഗെയിംസിന്റെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ സെമി ഫൈനലില്‍ എത്തി ഇന്ത്യയുടെ ശ്രീഹരി നടരാജ്. ഹീറ്റ്സിൽ 54.68 സെക്കന്‍ഡിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് സെമി ഫൈനൽ നേട്ടം ശ്രീഹരി സ്വന്തമാക്കിയത്. ഇന്ന് തന്നെയാണ് സെമി ഫൈനലും നടക്കുക.

അതേ സമയം 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിൽ ഇന്ത്യയുടെ സാജന്‍ പ്രകാശിന് സെമി കാണാനായില്ല. ഹീറ്റ്സിൽ അവസാന സ്ഥാനക്കാരനായാണ് സാജന്‍ ഫിനിഷ് ചെയ്തത്. 54 പേര്‍ പങ്കെടുത്തതിൽ 24ാമനായി സാജനെത്തിയെങ്കിലും ആദ്യ 16 പേര്‍ മാത്രമാണ് സെമിയിലേക്ക് എത്തുന്നത്.

400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ കുശാഗ്ര റാവത്തും ഫൈനൽ കാണാതെ പുറത്തായി. തന്റെ ഹീറ്റ്സിൽ അവസാനമായാണ് കുശാഗ്ര എത്തിയത്. 21 പേരിൽ 14ാമനായി എത്തുവാനെ താരത്തിന് സാധിച്ചുള്ളു.