ബാഴ്സലോണയുടെ പരിശീലകനാകാൻ ആഗ്രഹിക്കുന്നെന്ന് തുറന്ന് പറഞ്ഞ് ആർബി ലെപ്സിഗ് പരിശീലകൻ ജൂലിയൻ നൈഗൽസ്മാൻ. യൂറോപ്പിലെ ഏറ്റവും മികച്ച യുവ പരിശീലകരിൽ ഒരാളാണ് ജൂലിയൻ നൈഗൽസ്മാൻ. ഹോഫെൻഹെയിമിനെ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചാണ് നൈഗൽമാൻ ബിഗ് ലീഗിലേക്കുള്ള വരവറിയിച്ചത്. ഈ സീസൺ മുതൽ ബുണ്ടസ് ലീഗയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന എനർജി ഡ്രിങ്ക് ഭീമന്മാരായ റെഡ്ബുള്ളിന്റെ ക്ലബ്ബായ ലെപ്സിഗിന്റെ പരിശീലകനാണ് നൈഗൽസ്മാൻ.
32 കാരനായ നൈഗൽസ്മാന്റെ കീഴിൽ തുടർച്ചയായ അഞ്ച് ജയവുമായി ജർമ്മനിയിൽ രണ്ടാം സ്ഥാനത്താണ് ലെപ്സിഗ്. ഈ സീസണിൽ കിരീടപ്പോരാട്ടത്തിലും തങ്ങളുമുണ്ടെന്ന് വിളിച്ച് പറയുന്നതാണ് ലെപ്സിഗിന്റെ പ്രകടനം. ഇനി ഏത് ക്ലബ്ബിനെ പരിശീലിപ്പിക്കാൻ ആണ് ആഗ്രഹമെന്ന ചോദ്യത്തിനുത്തരമായാണ് നൈഗൽസ്മാൻ ക്യാമ്പ് നൗവിനെകുറിച്ച് സൂചിപ്പിച്ചത്. ലിയോണിനെതിരെയാണ് ഇനി ലെപ്സിഗ് ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്നത്.