കഴിഞ്ഞ സീസണിൽ ഒരു കിരീടവും നേടാൻ കഴിയാത്തതിന്റെ നിരാശ ബാഴ്സലോണ ആരാധകരിൽ നിന്ന് ഇനിയും ഒഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഇറങ്ങുമ്പോൾ ബാഴ്സലോണയുടെ ലക്ഷ്യം കിരീടം മാത്രമാണ്. ഇന്ന് അത്ലറ്റിക് ബിൽബാവോയെ ആണ് ബാഴ്സലോണ നേരിടേണ്ടത്. റയൽ മാഡ്രിഡിനെ സെമിയിൽ തോൽപ്പിച്ച് ആണ് അത്ലറ്റിക് ഫൈനലിൽ എത്തിയത്. അതുകൊണ്ട് തന്നെ ബാഴ്സലോണക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.
2015ൽ ആയിരുന്നു അവസാനമായി അത്ലറ്റിക് ക്ലബ് ഒരു കപ്പ് ഉയർത്തിയത്. അന്ന് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയെ ആയിരുന്നു അവർ തോൽപ്പിച്ചത്. ബാഴ്സലോണക്ക് ഇന്ന് മെസ്സി ഉണ്ടാകില്ല എന്ന് ആശങ്കയും ഉണ്ട്. പരിക്കിന്റെ പിടിയിലായ മെസ്സി ഇന്നലെ ഒറ്റയ്ക്ക് പരിശീലനം നടത്തി എങ്കിലും ഇന്ന് ഇറങ്ങും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് കോമാൻ പറഞ്ഞു. സെമി ഫൈനലിലും മെസ്സി ഉണ്ടായിരുന്നില്ല. സെമിയിൽ റയൽ സോസിഡാഡിനെ നേരിട്ട ബാഴ്സലോണ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് വിജയിച്ചത്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.