തകർന്നടിഞ്ഞ സീസണിനിടയിൽ രക്ഷകനായെത്തി യൂറോപ്പ കിരീടത്തിലേക്ക് നയിച്ച ജോസെ ലൂയിസ് മെന്റിലിബാറിനെ വീണ്ടും ഒരു സീസണിലേക്ക് കൂടി ടീമിൽ നിലനിർത്താൻ സെവിയ്യ. കോച്ച് അടുത്ത ഒരു വർഷത്തേക്ക് കൂടി ടീമിൽ ഉണ്ടാവുമെന്ന് സെവിയ്യ വൈസ് പ്രസിഡന്റ് ജോസെ മരിയ കരാസ്കൊ പറഞ്ഞു. ബുധനാഴ്ച മാധ്യമങ്ങളെ കാണുന്ന മെന്റിലിബാർ തന്റെ തുടർച്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ക്ലബ്ബ് തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു. നേരത്തെ സീസൺ അവസാനിക്കുന്ന വരെയുള്ള കരാറിൽ ആണ് അദ്ദേഹം സെവിയ്യയിൽ എത്തിയത്. എന്നാൽ ടീമിൽ തന്നെ തുടരാനുള്ള ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സെവിയ്യ ആദ്യം കരാർ പുതുക്കാൻ സമീപിച്ചപ്പോൾ കോച്ച് നിരകരിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മറ്റൊരു സീസണിലേക്ക് കൂടി ടീമിൽ തുടരാൻ പിന്നീട് അദ്ദേഹം സമ്മതം മൂളി.
മാർച്ച് 21ന് ടീമിൽ ചുമതലയേറ്റ അദ്ദേഹം സെവിയ്യയെ ലീഗിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നതിനും എല്ലാത്തിലും ഉപരി ഒരിക്കൽ കൂടി യൂറോപ്പ ജേതാക്കൾ ആവുന്നതിനും സഹായിച്ചു. യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, എഎസ് റോമ എന്നിവരെ ഇതിനിടയിൽ ടീം വീഴ്ത്തി. കോച്ച് ടീമിനോടൊപ്പം അതീവ സന്തുഷ്‌ടനാണെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. യൂറോപ്പ ഫൈനൽ മത്സരത്തിന് മുൻപ് തന്നെ അദ്ദേഹത്തോട് ടീമിൽ തുടരണമെന്ന ആവശ്യം തങ്ങൾ അറിയിച്ചിരുന്നതായും ജോസെ മരിയ കരാസ്കൊ വെളിപ്പെടുത്തി.
Download the Fanport app now!