മാൽകോമിനെ ക്യാമ്പ് നൂവിൽ എത്തിച്ചത് റോമയുടെ പിഴവെന്ന് സ്പാനിഷ് മാധ്യമങ്ങൾ. റോമ ഉറപ്പിച്ച താരത്തെ ഹൈജാക്ക് ചെയ്താണ് ബാഴ്സലോണ സ്വന്തമാക്കിയത്. ഇന്നലെ റോമ കരാറിൽ എത്തിയ ബ്രസീലിയൻ താരത്തെ ടീമിൽ എത്തിച്ചതായി പിന്നീട് ബാഴ്സ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ മാൽകോം ക്യാമ്പ് നൂവിൽ എത്തിയത് റോമയുടെ സ്പോർട്ടിങ് ഡയറക്ടർ മൊഞ്ചിയുടെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മാൽകോം ഒരു പ്രീ കോൺട്രാക്ടിലും അഗ്രിമെന്റുകളിലും ഒപ്പിട്ടിരുന്നില്ല, മൊഞ്ചി പ്രീ കോൺട്രാക്ടിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഒളിംപികോ സ്റ്റേഡിയത്തിൽ എത്തേണ്ട മാൽകോമിനെ നഷ്ടപ്പെടുമായിരുന്നില്ല.
ബോർഡക്സുമായി വിടപറഞ്ഞ് മാൽകോം മെഡിക്കലിനായി ഇറ്റലിയിലേക്ക് പുറപ്പെടാനിരിക്കെ ബാഴ്സ രംഗത്ത് വരികയായിരുന്നു. ഇതോടെ ബോർഡക്സുമായി റോമ ഇടഞ്ഞെങ്കിലും കൂടുതൽ പണം വാഗ്ദാനം ചെയ്ത ബാഴ്സയുടെ ഓഫർ അവർ സ്വീകരിക്കുകയായിരുന്നു. പ്രീ കോൺട്രാക്ട് ഒന്നുമില്ലാത്തതിനാൽ നിയമപരമായി റോമയോട് ഒരു ബാധ്യതയും ബോർഡക്സിനോ താരത്തിനോ ഇല്ല. മധ്യനിര താരമായ 21 കാരൻ മൽകോം ബ്രസീൽ ജൂനിയർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കൊരിന്ത്യൻസിൽ കളിയാരംഭിച്ച മാൽകോം 2016 ലാണ് ലീഗ് വണ്ണിലേക്ക് ചുവട് മാറുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial