അത്ലറ്റിക്കോ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ സിമിയോണി ടീമിനെ തറപറ്റിച്ച് റയൽ മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് പഴയ റയൽ ആയിരിക്കുകയാണ്. സൊളാരിയുടെ കീഴിൽ പതിയെ പതിയെ കളിച്ചു വന്ന റയൽ ഇന്ന് മാഡ്രിഡ് ഡെർബി വിജയിച്ച് തങ്ങൾ പൂർണ്ണമായും പഴയ ഫോമിൽ എത്തി എന്ന് അറിയിച്ചിരിക്കുകയാണ്. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോമിൽ നടന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്.

തീർത്തും റയലിന്റെ ഏകപക്ഷീയ പ്രകടനം കണ്ട മത്സരത്തിൽ ഒരു തകർപ്പൻ ഗോളോടെയാണ് റയൽ മുന്നിൽ എത്തിയത്. ഒരു കോർണറിൽ നിന്ന് ലഭിച്ച അവസരം ഒരു ബൈസൈക്കിൽ കിക്കിലൂടെ വലയിൽ എത്തിച്ച് കസമേറോ ആണ് റയലിന് ആദ്യ മുന്നിൽ എത്തിച്ചത്. അതിന് പകരമായി ഗ്രീസ്മെനിലൂടെ ഒരു ഗോൾ പെട്ടെന്ന് തന്നെ മടക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായി. പക്ഷെ ആ‌ സമനില നീണ്ടു നിന്നില്ല.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് വിനീഷ്യസ് ജൂനിയർ നേടിതന്ന പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റാമോസ് വീണ്ടും റയലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലും റയലിന്റെ മുന്നേറ്റങ്ങൾ തന്നെയാണ് കണ്ടത്. കളിയുടെ 74ആം മിനുട്ടിൽ ബെയ്ലിലൂടെ റയൽ മൂന്നാം ഗോളും നേടി ജയം ഉറപ്പിച്ചു‌. 80ആം മിനുട്ടിൽ തോമസ് പാർട്ടി ചുവപ്പ് കണ്ടതോടെ അത്ലറ്റിക്കോ 10 പേരായി ചുരുങ്ങുകയും ചെയ്തു.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ലീഗിലെ ആദ്യ ഹോം പരാജയമാണിത്. ഈ വിജയത്തോടെ റയൽ മാഡ്രിഡ് അത്ലറ്റിക്കോയെ മറികടന്ന് ലീഗിൽ രണ്ടാമത് എത്തി.