സുവാരസിന് പരിക്ക്, പ്രതിസന്ധിയിലായി അത്ലറ്റികോ മാഡ്രിഡ്

Staff Reporter

ലാ ലീഗയിൽ കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്‌ കുതിക്കുന്നതിന് ഇടയിൽ അത്ലറ്റികോ മാഡ്രിഡിന് വമ്പൻ തിരിച്ചടി. ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന്റെ ഫോർവേഡ് ലൂയിസ് സുവാരസിനേറ്റ പരിക്കാണ് അത്ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായത്. നിലവിൽ ലാ ലീഗ കിരീടനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റിന്റെ ലീഡ് മാത്രമാണ് അത്ലറ്റികോ മാഡ്രിഡിന് ഉള്ളത്.

സുവാരസിന് പരിക്കേറ്റ വിവരം അത്ലറ്റികോ മാഡ്രിഡ് തന്നെയാണ് പുറത്ത് വിട്ടത്. പരിശീലനത്തിനിടെ താരത്തിന്റെ മാസിലിനാണ് പരിക്കേറ്റതെന്ന് അത്ലറ്റികോ മാഡ്രിഡ് വ്യക്തമാക്കി. എന്നാൽ പരിക്കിന്റെ വ്യാപ്തിയും താരം എത്ര കാലത്തോളം ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്നും ക്ലബ് വ്യക്തമാക്കിയിട്ടില്ല. ലാ ലീഗ അവസാന മത്സരങ്ങളിലേക്ക് കടന്നതോടെ സുവാരസിന്റെ പരിക്ക് അത്ലറ്റികോ മാഡ്രിഡിന് ക്ഷീണം ചെയ്യും.