കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുമ്പോൾ സഹായ ഹസ്തവുമായി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി എത്തിയിരിക്കുകയാണ്. ഒരി മില്യൺ യൂറോയാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മെസ്സി നൽകുക. മെസ്സിയുടെ സംഭാവന രണ്ടായി പകുത്താണ് നൽകുക. ലയണൽ മെസ്സിയുടെ അങ്കത്തട്ടായ സ്പെയിനിലെ ബാഴ്സലോണയിലെ ഹോസ്പിറ്റലിലും ജന്മനാടായ അർജന്റീനയിലെ റൊസാരിയോയിലുമായിരിക്കും മെസ്സി ഈ പണം ചിലവഴിക്കുക.
ഈ രണ്ട് നഗരങ്ങളിലുമായി കൊറോണക്കെതിരായ പോരാട്ടത്തിൽ മെസ്സിയുടെ സംഭാവന സഹായകരമാവും. ഇറ്റലിയെ പോലെ തന്നെ കൊറോണ വൈറസ് സംഹാര താണ്ഡവമാടിയ സ്ഥലമാണ് സ്പെയിൻ. ഫുട്ബോൾ താരങ്ങൾക്കടക്കം ഒട്ടനവധിപേർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കൊറോണ വിപത്തിനെ തുടർന്ന് ഒരു മില്ല്യൺ യൂറോ സംഭാവന നൽകിയിരുന്നു.