ലാലിഗ; കിരീടം നിലനിർത്താൻ കച്ചകെട്ടി റയൽ. അടുത്ത സീസണിലെ പ്രധാന മത്സരങ്ങൾ അറിയാം

സ്വപ്നതുല്യമായ അവസാന സീസണിന് ശേഷം കിരീടം നിലനിർത്താൻ കച്ചകെട്ടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് ലാ ലീഗയിൽ ആദ്യ എതിരാളികൾ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയ അൽമേറിയ. റൂഡിഗർ, ചൗമേനി തുടങ്ങി വമ്പൻ താരങ്ങളും എത്തിയതോടെ കൂടുതൽ ശക്തമായ ടീമുമായി ലീഗ് നിലനിർത്താൻ ആവുമെന്നാണ് റയലിന്റെ വിശ്വാസം. സീസണിലെ ആദ്യ എൽക്ലാസിക്കോ റയലിന്റെ തട്ടകമായ ബെർണബ്യൂവിൽ ഒക്ടോബർ പതിനാറിന് നടക്കും.

നഗരവൈരികൾ ആയ അത്ലറ്റികോ മാഡ്രിഡുമായി ലീഗിന്റെ ആറാം റൗണ്ടിൽ മാഡ്രിഡ് ഏറ്റുമുട്ടും. അത്ലറ്റികോയുടെ ഗ്രൗണ്ടിൽ വെച്ചാവും ഈ മത്സരം നടക്കുക.ലോകകപ്പിന് മുന്നോടിയായുള്ള അവസാന മത്സരത്തിൽ കാഡിസ് ആണ് റയലിന്റെ എതിരാളികൾ. ശേഷം സീസൺ പുനരാരംഭിക്കുന്ന ഡിസംബർ മുപ്പത്തി ഒന്നിന് വയ്യാഡോലിഡിനേയും റയൽ നേരിടും. തുടർന്ന് വിയ്യാറയൽ,വലൻസിയ,അത്ലറ്റിക് ക്ലബ്ബ്, റയൽ സോസീഡാഡ് തുടങ്ങി ലീഗിലെ കരുത്തരാണ് ജനുവരിയിൽ റയലിനെ കാത്തിരിക്കുന്നത്.Realmadrid

അത്ലറ്റികോ മാഡ്രിഡുമായുള്ള ലീഗിലെ രണ്ടാം മത്സരം ഫെബ്രുവരി ഇരുപത്തി ആറിന് നടക്കും. മാർച്ച് പത്തൊൻപതിന് നടക്കുന്ന എൽ ക്ലാസിക്കോയിൽ ക്യാമ്പ്ന്യൂവിൽ വെച്ചു ബാഴ്‌സലോണയുമായി റയൽ ഏറ്റു മുട്ടും. സീസണിലെ അവസാന മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബ് ആണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. അവസാന സീസണിലെ ഫോം ലീഗിലും ചാമ്പ്യൻസ് ലീഗിലും അടക്കം തുടരാനുള്ള ദൃഢനിശ്ചയത്തിൽ ആണ് റയൽ.