ലാ ലീഗയിൽ രജിസ്റ്റർ ചെയ്തു; ഗവി ഇനി മുതൽ സീനിയർ ടീം അംഗം

Nihal Basheer

ബാഴ്‌സ യുവതാരം ഗവിയുടെ രജിസ്ട്രേഷൻ ലാ ലീഗ അംഗീർകരിച്ചതായി വാർത്തകൾ. താരത്തിന്റെ പുതിയ കരാർ ലീഗ് അംഗീകരിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് പിറകെ പ്രീമിയർ ലീഗ് ക്ലബ്ബുകൾ അടക്കം ഉണ്ടായിരുന്നെങ്കിലും ബാഴ്‌സയിൽ തന്നെ തുടരാൻ ആയിരുന്നു ഗവിയുടെ തീരുമാനമെന്ന് റൊമാനോ പറഞ്ഞു. 2026വരെയാണ് ഗവിയുടെ ബാഴ്‌സയിലെ പുതിയ കരാർ. ഒരു ബില്യണിന്റെ റിലീസ് ക്ലോസും കരാറിൽ ചേർത്തിട്ടുണ്ട്. ഇതോടെ വീണ്ടും ആറാം നമ്പർ ജേഴ്‌സി അണിയാനും താരത്തിനാവും.
ഗവി
അതേ സമയം നേരത്തെ ഗവിയുടെ റെജിസ്ട്രേഷൻ തടഞ്ഞ ലാ ലീഗയുടെ നടപടിയെ ബാഴ്‌സലോണ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിൽ ബാഴ്‌സക്ക് അനുകൂലമായി വിധി വന്നതായി മുണ്ടോ ഡെപ്പോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് ബാഴ്‌സക്ക് താരത്തിന്റെ രജിസ്‌ട്രേഷൻ പെട്ടെന്ന് തന്നെ ചെയ്യാൻ സാധിച്ചത്. ഇന്ന് ടീമിന്റെ സാമ്പത്തിക പദ്ധതികൾക്ക് ലാ ലീഗ അംഗീകാരം നൽകിയ വാർത്തകൾ കൂടി വന്നതോടെ റൊണാൾഡ്‌ അരാഹുവോ അടക്കമുള്ള താരങ്ങളുടെ റെജിസ്ട്രെഷനും ബാഴ്‌സക്ക് അടുത്ത ദിവസങ്ങളിൽ തന്നെ ചെയ്യാൻ സാധിക്കും എന്നാണ് പ്രതീക്ഷ. സെർജി റോബർട്ടോ, മർക്കോസ് അലോൻസോ എന്നിവരുടെ കരാർ പുതുക്കിയതും ബാഴ്‌സക്ക് രജിസ്‌ട്രേഷൻ ചെയ്യേണ്ടതായിട്ടുണ്ട്.