ബാഴ്‌സലോണ പരിശീലകൻ റൊണാൾഡോ കോമാന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ. കഴിഞ്ഞ ദിവസം ഗ്രനാഡക്കെതിരായ മത്സരത്തിനിടെ കോമാൻ റഫറിയോട് മോശമായി പെരുമാറിയതിന് പേരിൽ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. തുടർന്നാണ് കോമാന് 2 മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്താൻ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഗ്രനാഡയോട് ബാഴ്‌സലോണ ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയിരുന്നു.
എന്നാൽ മത്സര ശേഷം തനിക്ക് എന്തിനാണ് ചുവപ്പ് കാർഡ് തന്നതെന്ന് തനിക്ക് അറിയില്ലെന്നും റഫറിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും കോമാൻ പറഞ്ഞു. ലാ ലീഗ കിരീട പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന രണ്ട് മത്സരങ്ങളിൽ ഇതോടെ കോമാന് ടീമിനൊപ്പം ചേരാനാവില്ല. ഞായറാഴ്ച നടക്കുന്ന വലൻസിയക്കെതിരായ മത്സരവും മെയ് 8ന് നടക്കുന്ന അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരവും ഇതോടെ കോമാന് നഷ്ട്ടമാകും. എന്നാൽ കോമാന്റെ വിലക്കിനെതിരെ ബാഴ്‌സലോണ അപ്പീൽ നൽകുമെന്നാണ് കരുതപ്പെടുന്നത്.