ജൂഡ് ബെല്ലിങ്ഹാം വീണ്ടും ഹീറോ ആയ മത്സരത്തിൽ റയൽ മാഡ്രിഡിന് ആവേശകരമായ വിജയം. ഇന്ന് ഗെറ്റഫെക്ക് എതിരെ ഇഞ്ച്വറി ടൈം ഗോളിൽ ആണ് റയൽ മാഡ്രിഡ് വിജയിച്ചത്. 2-1 എന്നായിരുന്നു സ്കോർ. ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് നാലു വിജയവുമായി റയൽ ലീഗിൽ ഒന്നമാത് നിൽക്കുകയാണ്.
ഇന്ന് റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വന്ന് നല്ല പോരാട്ടം തന്നെ കാഴ്ചവെക്കാൻ ഗെറ്റഫെക്കായി. മത്സരത്തിന്റെ 11ആം മിനുട്ടിൽ സന്ദർശകർ ലീഡ് എടുത്തു കൊണ്ട് ഏവരെയും ഞെട്ടിച്ചു. ബോർഹാ മെയ്റോൾ ആണ് ഗെറ്റഫെക്ക് ലീഡ് നൽകിയത്. ഇതിനു ശേഷം റയൽ മാഡ്രിഡ് തുടരെ ആക്രമണങ്ങൾ നടത്തി. എന്നിട്ടും ആദ്യ പകുതിയിൽ ഗോൾ മടക്കാൻ അവർക്കായില്ല. മത്സരം 0-1 എന്ന നിലയിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ റയൽ മാഡ്രിഡ് ആഗ്രഹിച്ച ഗോൾ വന്നു. 47ആം മിനുട്ടിൽ ഹൊസേലുവിന്റെ ഗോളിൽ റയൽ മാഡ്രിഡ് സമനില കണ്ടെത്തി. എന്നാൽ വിജയ ഗോളിലേക്ക് എളുപ്പത്തിൽ എത്താൻ അവർക്ക് ആയില്ല. 90 മിനുട്ടും വിജയ ഗോൾ അന്വേഷിച്ച റയലിന് നിരാശ മാത്രമായി ഫലം. വിനീഷ്യസ് ജൂനിയറും ഒരു നല്ല സ്ട്രൈക്കറും ഇല്ലാത്തത് റയലിന് വലിയ ക്ഷീണമായി.
പക്ഷെ അവസാന മൂന്ന് മത്സരങ്ങളിൽ എന്ന പോലെ ഇന്നും ജൂഡ് ബെല്ലിങ്ഹാം റയലിന്റെ ഹീറോ ആയി. 95ആം മിനുട്ടിൽ ബെല്ലിങ്ഹാം റയലിന് ലീഡ് നൽകി. ഒരു റീബൗണ്ടിലൂടെകായിരുന്നു ജൂഡിന്റെ ഗോൾ. റയലിനായി കളിച്ച നാലു മത്സരങ്ങളിലും ബെല്ലിങ്ഹാം ഗോൾ നേടി.