ജോർദി ക്രൈഫ് ബാഴ്‌സയിൽ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത്

ബാഴ്‌സലോണയുടെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് ലപോർടയുടെ വിശ്വസ്തൻ ജോർദി ക്രൈഫ്. ടീമിൽ മറ്റ് സ്ഥാനങ്ങൾ വഹിച്ചിരുന്ന ജോർഡി ക്രൈഫിനെ ഇതോടെ സുപ്രധാന ചുമതലയിലേക്ക് ഉയർത്തിയിരിക്കുകയാണ് ക്ലബ്. സ്പോർട്ടിങ് ഡയറക്ടർ ചുമതല കുറച്ചു കാലമായി അനൗദ്യോഗികമായി തന്നെ വഹിച്ചു വരികയായിരുന്നു അദ്ദേഹം. പുതിയ കരാർ ഒപ്പിട്ടതോടെ ഈ സ്ഥാനത്ത് ഇനി ഔദ്യോഗികമായി തന്നെ അദ്ദേഹം ചുമതകൾ നിർവഹിക്കും.

ടീം ഉടച്ചു വാർക്കുമ്പോൾ പ്രസിഡന്റ് ലപോർടയുടെ വലം കൈ ആയി പ്രവർത്തിക്കാൻ തന്റെ ഏറ്റവും വിശ്വസ്തരായ അലെമാനിയേയും ജോർഡി ക്രൈഫിനെയും അദ്ദേഹം കൂടെ കൂട്ടിയിരുന്നു. ഇത്തവണ ലെവെന്റോവ്സ്കി അടക്കം നിർണായകമായ കൈമാറ്റങ്ങൾക്ക് അലെമാനിയോടൊപ്പം നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ജോർഡി ക്രൈഫും ഉണ്ടായിരുന്നു. എത്ര കാലത്തേക്കാണ് പുതിയ ചുമതല എന്ന് വെളിപ്പെടുത്തിയിട്ടില്ല. ടീം കെട്ടിപ്പടുക്കുന്നതിൽ സാവിക്ക് സഹായഹസ്തമായി ജോർഡി ഇനിയും ടീമിനോടൊപ്പം ഉണ്ടാവും.