ചെൽസിയിൽ നിന്ന് വമ്പൻ തുകനൽകി റയൽ മാഡ്രിഡിൽ എത്തിച്ച സൂപ്പർ താരം ഏദൻ ഹസാർഡിനെ വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്ക് മൂലം ഹസാർഡിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. തുടർന്നാണ് താരത്തെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചത്. ഈ സീസണിൽ ഇതുവരെ വെറും 18 മത്സരങ്ങൾ മാത്രമാണ് റയൽ മാഡ്രിഡിന് വേണ്ടി ഹസാർഡ് കളിച്ചത്.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ ചെൽസിയോട് തോറ്റതിന് പിന്നാലെ ഹസാർഡ് ചെൽസി താരങ്ങളോടൊപ്പം ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് താരത്തിനെതിരെ റയൽ മാഡ്രിഡ് ആരാധകർ പ്രതിഷേധവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാൽ താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ റയൽ മാഡ്രിഡ് ഇതിന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിലവിൽ ലാ ലീഗയിൽ റയൽ മാഡ്രിഡിന് നാല് മത്സരങ്ങളാണ് ഈ സീസണിൽ ബാക്കിയുള്ളത്. ഈ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താലും ഏദൻ ഹസാർഡിനെ നിലനിർത്താൻ റയൽ മാഡ്രിഡ് ശ്രമിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.