ലാ ലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് വമ്പൻ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വല്ലഡോലിദിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി അന്റോണിൻ ഗ്രീസ്മാനാണ് അത്ലറ്റിക്കോയുടെ ജയത്തിനു ചുക്കാൻ പിടിച്ചത്. നിക്കോള കാലിനിച്ചാണ് അത്ലറ്റിക്കോയുടെ ആദ്യ ഗോൾ നേടിയത്. വല്ലഡോലിദിനു വേണ്ടി ഫെർണാണ്ടോ കലേറോയാണ് ഗോളടിച്ചത്. സോൾ നിഗ്വേസിന്റെ self ഗോൾ അത്ലറ്റിക്കോയ്ക്ക് തിരിച്ചടിയായിരുന്നു.
ഇന്നത്തെ വിജയത്തോടു കൂടി ഡിയാഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് ലാ ലീഗയിൽ പോയന്റ് നിലയിൽ ബാഴ്സലോണയ്ക്കൊപ്പമെത്തി. ലോകകപ്പ് ജേതാവായ ഗ്രീസ്മാന്റെ 300 ആം ലാ ലീഗ മത്സരമായിരുന്നു ഇന്നത്തേത്. മുന്നൂറാം മത്സരത്തിൽ തന്നെ 124 ആം ഗോൾ നേടാൻ ഗ്രീസ്മാന് സാധിച്ചു.
സിമിയോണിയുടെ പ്രതിരോധ തന്ത്രങ്ങൾക്ക് പാളിച്ച പറ്റിയെങ്കിലും ഇന്നത്തെ അത്ലറ്റിക്കോയുടെ ജയം ബാഴ്സക്കും സെവിയ്യക്കും സമ്മർദം നൽകും. രണ്ടാം സ്ഥാനം ഊട്ടിയുറപ്പിക്കാൻ സെവിയ്യക്കും ടേബിൾ ടോപ്പാറാവാൻ ബാഴ്സയ്ക്കും ജയിച്ചെ മതിയാകു. ബാഴ്സ ലെവന്റെയും സെവിയ്യ ജിറോണയെയുമാണ് ഇനി നേരിടുക.