യുവതാരം ഗവിക്ക് ബാഴ്സലോണയിൽ പുതിയ കരാർ. മുൻപ് കോമാന്റെയും നിലവിൽ സാവിയുടെയും ടീമിൽ നിർണായക താരമായ ഗവിക്ക് നാല് വർഷത്തെ കരാർ ആണ് ബാഴ്സ നൽകിയിരിക്കുന്നത്. റിലീസ് ക്ലോസ് ആയി ഒരു ബില്യൺ യൂറോയും ചേർത്തിട്ടുണ്ട്. സാലറിയും ആനുപാതികമായി വർധിക്കും. താരവുമായുള്ള ചർച്ചകൾ എല്ലാം മാസങ്ങൾക്ക് മുൻപേ തന്നെ ബാഴ്സ പൂർത്തിയാക്കിയിരുന്നു.
ആദ്യം റയൽ ബെറ്റിസിന്റെയും തുടർന്ന് ബാഴ്സയുടെയും യൂത്ത് ടീമുകളിലൂടെ വളർന്ന ഗവി കോമന്റെ കീഴിലാണ് സീനിയർ ടീമിൽ അരങ്ങേറുന്നത്. ബി ടീമിനോടൊപ്പം വെറും രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രതിഭ തിരിച്ചറിഞ്ഞ കോമാൻ താരത്തെ സീനിയർ ടീമിനോടൊപ്പം പരിശീലനത്തിന് വിളിച്ചു. കഴിഞ്ഞ വർഷം ഗെറ്റാഫെക്കെതിരെ ആയിരുന്നു സീനിയർ ടീം അരങ്ങേറ്റം. ബാഴ്സക്ക് വേണ്ടി അരങ്ങേറിയ നാലാമത്തെ പ്രായം കുറഞ്ഞ താരമാണ്. നിലവിൽ ബാഴ്സലോണയിലും സ്പാനിഷ് ദേശിയ ടീമിലും വിശ്വസ്ത താരമാണ്. പതിനെട്ട് വയസ് തികയാതെ ദീർഘകാലത്തെക്കുള്ള കരാർ ഒപ്പിടാൻ ആവില്ല എന്നതിനാൽ കരാർ പുതുക്കുന്നത് വൈകുകയായിരുന്നു.