ബാഴ്സയുടെ ചരിത്രത്തിൽ ഇടം നേടി പതിനാറ് വയസുകാരൻ അൻസു ഫാത്തി. ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡാണ് ഫാത്തി ഇന്ന് സ്വന്തം പേരിൽ കുറിച്ചത്. കഴിഞ്ഞ ആഴ്ച്ച ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരം ബാഴ്സക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
ബാഴ്സയിൽ ഉള്ള റെക്കോർഡിന് പിന്നാലെ ല ലീഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗോൾ സ്‌കോറർ എന്ന റെക്കോർഡും ഇന്ന് ഒസാസുനക്ക് എതിരായ ഗോളോടെ താരം സ്വന്തം പേരിൽ കുറിച്ചു. ഒസാസുനക്ക് എതിരെ ഇന്ന് ബാഴ്സ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോൾ ആണ് പകരക്കാരനായി ഇറങ്ങിയ അൻസു റെക്കോർഡ് ഗോൾ നേടിയത്. പക്ഷെ മത്സരത്തിൽ 2-2 ന് സമനില നേടാൻ മാത്രമാണ് ബാഴ്സക്കായത്.
16 വയസും 303 ദിവസവുമാണ് ഫാത്തിയുടെ പ്രായം. മെസ്സിക്കും ഡംബലേക്കും പരിക്ക് പറ്റിയതോടെയാണ് താരത്തിനെ സീനിയർ ടീമിൽ ബാഴ്സ ഉൾപ്പെടുത്തിയത്.