കാത്തലൻ ഡെർബിയിൽ ബാഴ്സക്ക് സമനില

ല ലീഗെയിൽ കാത്തലൻ ഡെർബിയിൽ ബാഴ്സലോണക്ക് സമനില. 1-1 നാണ് എസ്പാന്യോൾ ബാഴ്‌സയെ സമനിലയിൽ തളച്ചത്. സമനില വഴങ്ങിയ ബാഴ്സക്ക് 22 കളികളിൽ നിന്ന് 58 പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനേക്കാൾ 12 പോയിന്റ് മുകളിലാണ് അവരിപ്പോൾ.

മെസ്സിക്ക് വിശ്രമം അനുവദിച്ച വാൽവർടെ പകരം പാക്കോ അൽകാസറിന് അവസരം നൽകി. 23 ആം മിനുട്ടിൽ കുട്ടിഞ്ഞോയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ബാഴ്‌സയെ ലീഡ് നേടുന്നതിൽ നിന്ന് തടഞ്ഞു. എസ്പാന്യോളും മികച്ചൊരു ഷോട്ട് തൊട്ടടുത്ത മിനുട്ടിൽ തന്നെ നടത്തിയെങ്കിലും ബാഴ്സ ഗോളി റ്റർ സ്റ്റീഗൻ തടുത്തിട്ടു. ആദ്യ പകുതിയിൽ ആധിപത്യം സ്ഥാപിച്ച ബാഴ്സക്ക് പക്ഷെ അത് ഗോളാക്കാനായില്ല.

രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇറങ്ങിയത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടിട്ടും ഗോൾ കണ്ടെത്താനാവാതെ വന്നതോടെ വാൽവർടെ അൽകാസർ, സെമെഡോ എന്നിവരെ പിൻവലിച്ച് മെസ്സി, സെർജി റോബർട്ടോ എന്നിവരെ കളത്തിൽ ഇറക്കി. 66 ആം മിനുറ്റിലാണ് എസ്പാന്യോളിന്റെ ഗോൾ പിറന്നത്. സെർജിയോ ഗാർസിയ നൽകിയ പന്തിൽ നിന്ന് ജറാർഡ് മോറെനോയാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ആക്രമണത്തിൽ ഉണർന്ന ബാഴ്സക്ക് 82 ആം മിനുട്ടിൽ പികെയുടെ ഗോളിൽ സമനില കണ്ടെത്താനായെങ്കിലും പിന്നീടുള്ള ചുരുങ്ങിയ സമയം കൊണ്ട് വിജയ ഗോൾ നേടാനായില്ല. എട്ടാം തിയതി വലൻസിയക്ക് എതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോവയെ സമനിലയിൽ പിടിച്ചുകെട്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
Next articleടെക് വാരിയേഴ്സിനു 29 റണ്‍സ് ജയം