ഉനയ് എമരി ആസ്റ്റൻവില്ലയിലേക്ക് ചേക്കേറിയതിന് പിറകെ പകരക്കാരനെ കണ്ടെത്തി വിയ്യാറയൽ. മുൻ ബാഴ്‌സലോണ കോച്ച് കിക്കെ സെറ്റിയനാണ് സീസണിൽ തുടർന്ന് വിയ്യാറയലിനെ പരിശീലിപ്പിക്കുക. ലാസ് പാൾമാസ്, റയൽ ബെറ്റിസ് തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ച പരിചയം അദ്ദേഹത്തിനുണ്ട്. ബാഴ്‌സ വിട്ടത്തിന് രണ്ടു വർഷം കഴിഞ്ഞാണ് സെറ്റിയൻ വീണ്ടും പരിശീലക ചുമതലകളിലേക്ക് മടങ്ങിയെത്തുന്നത്.
നേരത്തെ ഉനയ് എമരി ഒരിക്കൽകൂടി പ്രീമിയർ ലീഗിലേക്ക് പോകാൻ തീരുമാനിച്ചതോടെയാണ് വിയ്യാറയൽ പുതിയ മാനേജറെ തേടാൻ നിബന്ധിതരായത്. ടീമിനെ യൂറോപ്പ ലീഗ് ജേതാക്കൾ ആക്കിയ സ്പെയിൻകാരൻ ടീം വിടാൻ തീരുമാനിച്ചത് “യെല്ലോ സബ്മറൈൻ” സിന് അപ്രതീക്ഷിത തിരിച്ചടി ആയി. മുൻപ് ന്യൂകാസിൽ വരെ സമീപിച്ചിട്ടും ടീം വിടതിരുന്ന എമരി തുടരുമെന്നായിരുന്നു പ്രതീക്ഷ. എങ്കിലും ഉടനെ പകരക്കാരനെ എത്തിക്കാൻ കഴിഞ്ഞത് വിയ്യാറയലിന് ആശ്വാസമാണ്. മുൻപ് വിവിധ സ്പാനിഷ് ടീമുകളെ പരിശീലിപ്പിച്ച പരിചയം മുതൽക്കൂട്ടാവും എന്നാണ് വിയ്യാറയൽ കണക്ക് കൂടുന്നത്. ലാ ലിഗയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് വിയ്യാറയൽ. യൂറോപ്യൻ പോരാട്ടങ്ങൾക്ക് യോഗ്യത ഉറപ്പിക്കുന്നതാവും സെറ്റിയന് മുൻപിലുള്ള ആദ്യ വെല്ലുവിളി. കോൺഫറൻസ് ലീഗിൽ ഗ്രൂപ്പിൽ ഒന്നാമതാണ് നിലവിൽ ടീം.